ആഞ്ഞടിച്ച് ഡോളറും വൈറസ് പേടിയും; കൂപ്പുകുത്തി ഓഹരി വിപണിയും രൂപയും, കേരള കമ്പനികൾക്കും വൻ വീഴ്ച

നേട്ടത്തോടെ ഇന്ന് വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരി സൂചികകളെ പൊടുന്നനേ കനത്ത നഷ്ടത്തിലേക്ക് വീഴ്ത്തി വൈറസ് പേടിയും ഡോളറിന്റെ മുന്നേറ്റവും. കോർപ്പറേറ്റ് കമ്പനികളുടെ ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്ന വിലയിരുത്തലുകളും ശക്തമായതോടെ നിഫ്റ്റിയും സെൻസെക്സും വിൽപനസമ്മർദത്തിൽ മുങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച അവസാനിപ്പിച്ച 79,223ൽ നിന്ന് നേട്ടത്തോടെ 79,281ൽ ഇന്ന് വ്യാപാരം തുടങ്ങിയ സെൻസെക്സ് ഉച്ചയ്ക്കു മുമ്പുള്ള സെഷനിലാണ് 77,959 വരെ നിലംപൊത്തിയത്. ഒരുവേള നേരിട്ടത് 1,500 പോയിന്റിലേറെ നഷ്ടമെങ്കിലും വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചപ്പോൾ അത് 1,043 പോയിന്റ് നിലവാരത്തിലേക്ക് കുറച്ചിട്ടുണ്ട്. 1.32% നഷ്ടവുമായി 78,179ലാണ് വ്യാപാരം പുരോഗമിക്കുന്നത്.ടൈറ്റൻ, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടത്തിലുള്ളത് (0.03-1.47%). ബിഎസ്ഇയിൽ 4,147 കമ്പനികളുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 766 എണ്ണമേ നേട്ടത്തിലുള്ളൂ. 395 കമ്പനികളുടെ ഓഹരികൾ ലോവർ-സർക്യൂട്ടിലുമാണുള്ളത്. നിഫ്റ്റി50ൽ 9 കമ്പനികൾ നേട്ടത്തിലും 41 എണ്ണം നഷ്ടത്തിലുമാണ്. ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ് എന്നിവ 2.6-3.85% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി.നിലയില്ലാക്കയത്തിൽ കേരള ഓഹരികളുംവിൽപനസമ്മർദ്ദത്തിന്റെ തരംഗത്തിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾക്കും ഇന്ന് കഴിഞ്ഞിട്ടില്ല. ഈസ്റ്റേൺ ട്രെഡ്സ്, സെല്ല സ്പേസ്, ആസ്റ്റർ എന്നിവ (1.26-3.29%) ഒഴികെയുള്ള ഓഹരികളെല്ലാം ചുവന്നു. കേരള ആയുർവേദ 9.13%, സ്റ്റെൽ ഹോൾഡിങ്സ് 5.94%, ജിയോജിത് 5.12%, കിറ്റെക്സ് 5%, ന്യൂമലയാളം സ്റ്റീൽ 5%, കൊച്ചിൻ ഷിപ്പ്‍യാർഡ് 4.65%, സ്കൂബിഡേ 5%, കിങ്സ് ഇൻഫ്ര 4%, ഇസാഫ് 4%, ധനലക്ഷ്മി ബാങ്ക് 4% എന്നിങ്ങനെ താഴ്ന്നിട്ടുണ്ട്.
Source link