3,000 കോടിയുടെ വായ്പാത്തട്ടിപ്പ്, കൈക്കൂലി: അനിൽ അംബാനിക്ക് ഇ.ഡിയുടെ കുരുക്ക്, റെയ്ഡിനിടെ ഓഹരികളിൽ വൻ തകർച്ച

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെയും ഡൽഹിയിലെയും സ്ഥാപനങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തിൽ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കനത്ത തകർച്ച. മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, ഉപകമ്പനിയായ റിലയൻസ് പവർ എന്നിവയുടെ ഓഹരികൾ 5% വീതം ഇടിഞ്ഞ് ലോവർ-സർക്യൂട്ടിലായി.ഒരു ഓഹരി ഒരുപ്രവൃത്തിദിവസം നേരിട്ടേക്കാവുന്ന ഇടിവിന് പരിധിനിശ്ചയിച്ച് നിയന്ത്രിക്കുന്നതാണ് ലോവർ സർക്യൂട്ട്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനും റിലയൻസ് പവറിനും ഇതു 5 ശതമാനമാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരിവില 360.05 രൂപയിലും റിലയൻസ് പവർ 59.70 രൂപയിലുമാണ് വ്യാപാരം ചെയ്യുന്നത്. ഇരു കമ്പനികളുടെ ഓഹരികളും ഇന്ന് തുടക്കംമുതൽ നഷ്ടത്തിലായിരുന്നു. അനിൽ അംബാനിക്ക് കുരുക്ക് മുറുക്കി സിബിഐ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ റെയ്ഡ്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി, നാഷനൽ ഹൗസിങ് ബാങ്ക്, നാഷനൽ ഫിനാൻസ് റിപ്പോർട്ടിങ് അതോറിറ്റി (എൻഎഫ്ആർഎ), ബാങ്ക് ഓഫ് ബറോഡ എന്നിവയും അനിൽ അംബാനിക്കും കമ്പനികൾക്കുമെതിരെ ഇ.ഡിക്ക് വിവരം കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. അനിൽ അംബാനിക്കും കമ്പനിക്കുമെതിരെ അടുത്തിടെ എസ്ബിഐ ‘തട്ടിപ്പ്’ (ഫ്രോഡ്) മുദ്ര ചാർത്തുകയും ചെയ്തിരുന്നു.
Source link