പലിശ, ചുങ്കം, നികുതി ബിൽ: മുൾമുനയിൽ യുഎസ്; ഇന്ത്യയുമായി ‘ഡീൽ’ ഉടനെന്ന് ട്രംപ്, മസ്കിനെ ‘നാടുകടത്തും’, കുതിപ്പ് തുടർന്ന് സ്വർണം

ആഗോള സാമ്പത്തികമേഖലയുടെ ശ്രദ്ധാകേന്ദ്രമായി വീണ്ടും യുഎസ്. ഫെഡറൽ ഗവൺമെന്റിന്റെ ചെലവുചുരുക്കൽ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന ‘ബിഗ്, ബ്യൂട്ടിഫുൾ ടാക്സ്’ ബിൽ സെനറ്റിൽ കഷ്ടിച്ച് ഒറ്റവോട്ടിന് പാസായി. ട്രംപിന്റെ പാർട്ടിക്കാരിൽത്തന്നെ (റിപ്പബ്ലിക്കൻസ്) ചിലർ എതിർത്തുവോട്ടു ചെയ്തതാണ് അനുകൂല വോട്ട് കുറയാൻ കാരണം. ഇനി ബിൽ വീണ്ടും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിനു മുന്നിലെത്തും. അവിടെ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്കാണെന്ന ആശങ്ക നിഴലിക്കുന്നു. ഇതിനിടെ, ട്രംപിന്റെ പകരംതീരുവ നയം ഇല്ലായിരുന്നെങ്കിൽ യുഎസ് നേരത്തേതന്നെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാമായിരുന്നു എന്ന വാദവുമായി കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ രംഗത്തെത്തി.പലിശ കുറയ്ക്കണമെന്ന് ട്രംപ് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുലുങ്ങാത്തയാളാണ് പവൽ. 2026 മേയ് വരെ പവലിന് ചെയർമാൻ പദവിയിൽ കാലാവധിയുണ്ട്. എന്നാൽ, ഇപ്പോഴേ പവലിന്റെ പകരക്കാരനെ നിശ്ചയിക്കാനുള്ള തിടുക്കത്തിലാണ് ട്രംപ് എന്നത്, യുഎസ് സാമ്പത്തികരംഗത്ത് ആശങ്ക വിതയ്ക്കുന്നു. പ്രസിഡന്റും കേന്ദ്രബാങ്കും തമ്മിലെ ബന്ധം വഷളാകുന്നത് യുഎസ് ഓഹരി വിപണികളെ തളർത്തും; നിക്ഷേപകരെയും യുഎസിൽ നിന്ന് പിൻവലിഞ്ഞ് നിൽക്കാൻ പ്രേരിപ്പിക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ പ്രഖ്യാപിച്ച പകരംതീരുവ നടപ്പാക്കുന്നത് അദ്ദേഹം ജൂലൈ 9 വരെ മരവിപ്പിച്ചിരുന്നു. ജൂലൈ 9ന് മുമ്പ് യുഎസുമായി വ്യാപാരക്കരാറിൽ എത്താത്ത രാജ്യങ്ങൾക്കുമേൽ വീണ്ടും പകരംതീരുവ ഏർപ്പെടുത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് വ്യക്തമാക്കിയിരുന്നു. യുഎസുമായി തീരുവയിൽ ഏറ്റുമുട്ടലിന് മുതിർന്ന യൂറോപ്യൻ യൂണിയനും കാനഡയും കൊളംബിയയും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ചർച്ചയ്ക്ക് തയാറായി.അതേസമയം, ട്രംപിന്റെ വാക്കുകൾ പ്രകോപനമുണ്ടാക്കുന്നതാണെന്നും എന്നാൽ, താൻ തൽകാലം അടങ്ങുന്നതായും മസ്ക് എക്സിൽ കുറിച്ചു. അമേരിക്കയെ പാപ്പരാക്കുന്നതാണ് ട്രംപിന്റെ ബില്ലെന്നും പാപ്പരായാൽ നമ്മൾ എങ്ങനെ ചൊവ്വയിലെത്തുമെന്നും എക്സിൽ മസ്ക് ചോദിച്ചു.
Source link