വിയറ്റ്നാം ഡീൽ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടി, റെക്കോർഡ് തകർത്ത് യുഎസ് ഓഹരികൾ, സ്വർണം മുന്നോട്ട്, ടെസ്ല വിൽപന കൂപ്പുകുത്തി

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം 20% ഇറക്കുമതി തീരുവയായിരിക്കും വിയറ്റ്നാമിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി ബാധകം. യുഎസ്-വിയറ്റ്നാം വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് സമ്മര്ദമാകും. കാരണം, ട്രംപ് കഴിഞ്ഞ ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപിച്ചപ്പോൾ 10% അടിസ്ഥാന തീരുവയും (ബെയ്സ് താരിഫ്) 46% തിരിച്ചടി തീരുവയും (റെസിപ്രോക്കൽ താരിഫ്) മൊത്തം 56% തീരുവയായിരുന്നു വിയറ്റ്നാമിനു ബാധകം. ഇന്ത്യയ്ക്ക് 10% ബെയ്സ് താരിഫും 26% പകരംതീരുവയും ഉൾപ്പെടെ 36 ശതമാനമായിരുന്നു. പകരംതീരുവ നടപ്പാക്കുന്നത് ട്രംപ് ജൂലൈ 9 വരെ മരവിപ്പിച്ചിരുന്നു. ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിൽ എത്തിയില്ലെങ്കിൽ മാത്രമാകും പകരം തീരുവ ബാധകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സമയപരിധിക്ക് മുൻപ് കരാറിലെത്താനും തീരുവഭാരം 56ൽ നിന്ന് 20 ശതമാനമായി കുറയ്ക്കാനും വിയറ്റ്നാമിന് കഴിഞ്ഞു.ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, സ്റ്റീൽ, വാഹനം, അലുമിനിയം, റബർ, മെഷിനറികൾ എന്നിവയാണ് പ്രധാനമായും വിയറ്റ്നാം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. യുഎസ്-വിയ്റ്റ്നാം ഡീൽ അതുകൊണ്ടുതന്നെ ഈ രംഗത്തെ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്ക് ഇന്നു സമ്മർദമായേക്കാം. ട്രംപ് ഏപ്രിലിൽ പകരംതീരുവ പ്രഖ്യാപിച്ചതും വിയറ്റ്നാം, ചൈന. ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് പകരംതീരുവ കുറവായിരുന്നതും ഇന്ത്യൻ കമ്പനികൾക്ക് നേട്ടമായിരുന്നു. എസ് ആൻഡ് പി500 സൂചിക 0.47% ഉയർന്ന് സർവകാല ഉയരമായ 6,227.42ൽ എത്തി. നാസ്ഡാക്കും 0.94% കുതിച്ച് റെക്കോർഡ് 20,393.13 കുറിച്ചു. എന്നാൽ, ഡൗ ജോൺസ് 0.02 പോയിന്റ് താഴ്ന്നു. സ്റ്റോക്ക് ഫ്യൂച്ചേഴ്സും കാര്യമായ നഷ്ടമില്ലാതെ വ്യാപാരം ചെയ്തു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.05%, ഹോങ്കോങ് 0.70% എന്നിങ്ങനെയും ലണ്ടനിൽ എഫ്ടിഎസ്ഇ 0.12 ശതമാനവും താഴ്ന്നു.
Source link