INDIA

തുടക്കമിട്ടത് ഗുജറാത്തി, മാർവാഡി ദല്ലാൾമാർ; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് 150–ാം പിറന്നാൾ


കൊച്ചി ∙ രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ ജൈത്രയാത്രയുടെ അഭിമാനസ്തംഭമായ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന് ജൂലൈ 9ന് 150 വയസ്. 1875 ൽ ഒരു സംഘം ഗുജറാത്തി, മാർവാഡി ദല്ലാൾമാർ ബോംബയിലെ ടൗൺ ഹാളിനു സമീപമുള്ള ആൽമരത്തിന്റെ തണലിൽ ജൻമം നൽകിയ കൂട്ടായ്മയാണ് ഇന്നു കാണുന്ന ബിഎസ്ഇയായി വളർന്നുപന്തലിച്ചത്. ആദ്യകാല വ്യാപാരികൾ ‘ദി നേറ്റീവ് ഷെയർ ആൻഡ് സ്‌റ്റോക്സ് അസോസിയേഷൻ’ രൂപീകരിച്ചത് കോട്ടൺ, ടെക്സ്റ്റൈൽ മില്ലുകളുടെ ഓഹരികളുടെ വ്യാപാരം ലക്ഷ്യമാക്കിയായിരുന്നു.150 വർഷങ്ങൾക്കിപ്പുറം ഏഷ്യയിലെ ഏറ്റവും പഴയ ഓഹരി വിപണി, ദലാൽ സ്ട്രീറ്റിൽ മുംബൈ മഹാനഗരത്തിന്റെ ആകാശത്തെ ചുംബിച്ചു നിൽക്കുന്ന 29 നിലകളുള്ള ഫിറോസ് ജിജിബോയ് ടവർ എന്ന കൂറ്റൻ മന്ദിരത്തിന്റെ തലയെടുപ്പിൽ ചേക്കേറിയിരിക്കുന്നു. 5800ലധികം കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ഇവിടെ ഒരു ദിവസം ഏതാണ്ട് 6,000 – 9,000 കോടിയുടെ വ്യാപാരമാണ് നടക്കുന്നത്. ദ് നേറ്റീവ് സ്‌റ്റോക് ആൻഡ് ഷെയർ ബ്രോക്കേഴ്സ് അസോസിയേഷൻ 1957ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആയി. അതോടെ സർക്കാർ നിയന്ത്രണത്തിലായി. 1986ലാണ് ഇന്ത്യൻ ഓഹരി വിപണിയുടെ അടിസ്ഥാന സൂചികകളിൽ ഒന്നായ ബിഎസ്ഇ സെൻസെക്സ് നിലവിൽ വന്നത്. 2002ൽ ബിഎസ്ഇ ലിമിറ്റഡ് ആയി. 2017ൽ ബിഎസ്ഇയിൽ തന്നെ ലിസ്റ്റ് ചെയ്തു. അതോടെ ബിഎസ്‌സി ഓഹരി ഉടമകളാൽ നിയന്ത്രിതമായ ഒരു പൂർണ കോർപറേറ്റ് സ്ഥാപനമായി മാറി. 2480 രൂപയ്ക്ക് മുകളിലാണ് ബിഎസ്ഇ ഓഹരിയുടെ വില.


Source link

Related Articles

Back to top button