എച്ച്‍യുഎല്ലിന്റെ ‘നായിക’യായി പ്രിയ നായർ; വൻ സ്വീകരണവുമായി നിക്ഷേപകർ, ഓഹരികളിൽ ആവേശക്കുതിപ്പ്

ഉപഭോക്തൃ ഉൽപന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്‍യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ വൻ മുന്നേറ്റം. ബിഎസ്ഇയിൽ 4.78% ഉയർന്ന ഓഹരി സൂചികയിലെ നേട്ടത്തിൽ ഒന്നാമതുമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 2,524 രൂപയിൽ. ഓഹരിവില ഒരുഘട്ടത്തിൽ 2,529.85 രൂപവരെ ഉയരുകയും ചെയ്തിരുന്നു. വൈകാതെ എച്ച്‍യുഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അംഗമാകും. പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിസിനസ് മാനേജ്മെന്റിൽ നിന്നു മാർക്കറ്റിങ്ങിൽ എംബിഎ നേടിയ പ്രിയ നായർ 1995ലാണ് യൂണിലിവറിൽ ജോലിയിൽ പ്രവേശിച്ചത്. കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജരായി കരിയർ ആരംഭിച്ച പ്രിയ 11 തസ്തികകളിൽ ജോലി ചെയ്തശേഷമാണ് സിഇഒ ആകുന്നത്. നിലവിലെ സിഇഒ രോഹിത് ജാവയുടെ പിൻഗാമിയായാണ് പ്രിയ എച്ച്‍യുഎല്ലിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
Source link