മൾട്ടിബാഗറായി അനിൽ അംബാനിയുടെ കമ്പനി; 169ൽ നിന്ന് 423 രൂപയിലേക്ക് ഓഹരിക്കുതിപ്പ്, തുടരുമോ മുന്നേറ്റം?

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 100% നേട്ടം (റിട്ടേൺ) സമ്മാനിച്ച് അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ. പാപ്പരത്ത നടപടികൾ ഒഴിവായതും കടങ്ങൾ വീട്ടിയതും കൂടുതൽ ഓർഡറുകൾ സ്വന്തമാക്കിക്കൊണ്ടുള്ള തിരിച്ചുവരവും നിക്ഷേപകരുടെ ശ്രദ്ധവീണ്ടും റിലയൻസ് ഇൻഫ്രയിൽ പതിക്കാൻ വഴിയൊരുക്കുകയായിരുന്നു.2023-24ൽ 1,148 കോടി രൂപ നഷ്ടത്തിലായിരുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 2024-25ൽ കുതിച്ചുകയറിയത് 9,177 കോടി രൂപയുടെ ലാഭത്തിലേക്ക്. കഴിഞ്ഞ ഒരുവർഷം മുമ്പ് 169 രൂപയിലേക്ക് താഴ്ന്ന വില കഴിഞ്ഞമാസം 30ന് രേഖപ്പെടുത്തിയത് 423.40 രൂപ; നിക്ഷേപകർക്ക് 100 ശതമാനത്തിലധികം നേട്ടം. നിക്ഷേപരുടെ നേട്ടം 100 ശതമാനം കവിയുമ്പോഴാണ് ഓഹരിയെ മൾട്ടിബാഗർ എന്ന് വിശേഷിപ്പിക്കുന്നത്.കൂടുതൽ മൂലധന സമാഹരണം നടത്തി പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഓർഡറുകൾ സ്വന്തമാക്കാനും കമ്പനിക്ക് അടുത്തിടെ കഴിഞ്ഞു. ബിസിനസ് ജെറ്റ് നിർമാണത്തിനായി അടുത്തിടെ ഫ്രഞ്ച് കമ്പനി ഡാസോയുമായി അനിൽ അംബാനിയുടെ റിലയൻസ് എയറോസ്ട്രക്ചർ ലിമിറ്റഡ് കൈകോർത്തിരുന്നു. റിലയൻസ് ഇൻഫ്രയുടെ ഉപകമ്പനിയാണിത്. മൂലധന സമാഹരണത്തെക്കുറിച്ച് തീരുമാനിക്കാൻ ഈയാഴ്ച റിലയൻസ് ഇൻഫ്രാ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുന്നുണ്ട്.
Source link