അമേരിക്കയിൽ പലിശയെച്ചൊല്ലി ‘അടി’; ഓഹരികളിൽ ഇടിവ്, ഗിഫ്റ്റ് നിഫ്റ്റിയും വീണു, ട്രംപിന്റെ ‘ഇന്തൊനീഷ്യൻ’ തന്ത്രത്തിൽ ആശങ്ക

ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിൽ വിലക്കയറ്റം വീണ്ടും പിടിവിട്ട് കുതിക്കുന്നു. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ റീട്ടെയ്ൽ പണപ്പെരുപ്പം 0.3 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.7 ശതമാനവും ഉയർന്നെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയായ രണ്ടു ശതമാനത്തേക്കാൾ ഏറെ ഉയരെ. സമീപഭാവിയിലെങ്ങും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി. മേയിൽ 0.1 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.4 ശതമാനവുമായിരുന്നു പണപ്പെരുപ്പം. മുട്ട, പഴം, പച്ചക്കറി, ഊർജം തുടങ്ങിയവയ്ക്കെല്ലാം അമേരിക്കയിൽ വൻ വിലയാണ്.എന്നാൽ, പണപ്പെരുപ്പം ഇപ്പോഴും ആശ്വാസതലത്തിലാണെന്നും ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് കുറയ്ക്കണമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു. അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞ ഡിസംബർ മുതൽ 4.25-4.5 ശതമാനത്തിൽ തുടരുകയാണ്. ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ തയാറായിട്ടില്ല. പവലിന്റെ പകരക്കാരെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ട്രംപ്. അടുത്ത മേയിലാണ് പവൽ വിരമിക്കുന്നതെങ്കിലും പകരക്കാരനെ ഉടൻ പ്രഖ്യാപിക്കാനാണ് ട്രംപിന്റെ നീക്കം.യുഎസിൽ പണപ്പെരുപ്പം കൂടുകയും പലിശനിരക്ക് കുറയാൻ സാധ്യത മങ്ങുകയും ചെയ്തതോടെ ഓഹരി വിപണികൾ ഇടിഞ്ഞു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂൺപാദ പ്രവർത്തനഫലം ഉടൻ പുറത്തുവരുമെന്ന ആശങ്കയും നിക്ഷേപകരെ വിൽപനസമ്മർദത്തിലേക്ക് നയിച്ചു. ഡൗ ജോൺസ് 0.98%, എസ് ആൻഡ് പി500 സൂചിക 0.40% എന്നിങ്ങനെ ഇടിഞ്ഞു. ചൈനയ്ക്ക് ചിപ് വിതരണം ചെയ്യാനുള്ള നിയന്ത്രണം യുഎസ് നീക്കിയ പശ്ചാത്തലത്തിൽ നാസ്ഡാക് 0.18% കയറി. ചൈനയിലേക്ക് എച്ച്20 എഐ ചിപ് നൽകാനുള്ള എൻവിഡിയയുടെ തീരുമാനമാണ് നാസ്ഡാക്കിന് കുതിപ്പേകിയത്.ഇന്തൊനീഷ്യൻ ഡീൽ പ്രഖ്യാപനത്തിനു പിന്നാലെ ഏഷ്യൻ ഓഹരി വിപണികൾ നേരിട്ടത് ഇടിവ്. യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യത മങ്ങിയതാണ് ഏഷ്യൻ ഓഹരികളെയും വീഴ്ത്തിയത്. ജാപ്പനീസ് നിക്കേയ് 0.13%, ദക്ഷിണ കൊറിയയുടെ കോസ്പി 0.5%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.82% എന്നിങ്ങനെ നഷ്ടത്തിലായി. ചൈനയിൽ ഷാങ്ഹായ് സൂചിക 0.02%, ഹോങ്കോങ് 0.92% എന്നിങ്ങനെ ഉയർന്നു. ചൈനയുടെ ജൂൺപാദ ജിഡിപി പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടത് നേട്ടമാണ്. കയറ്റുമതിയിലും ഉണർവുണ്ട്.
Source link