ധനലക്ഷ്മി ബാങ്കിന് ലാഭത്തിളക്കം; 8 കോടി നഷ്ടത്തിൽ നിന്ന് 12 കോടി ലാഭത്തിലേക്ക്, കിട്ടാക്കടവും കുറഞ്ഞു, ഓഹരികളും നേട്ടത്തിൽ

കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 12.18 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ബാങ്ക് നേരിട്ടത് 8 കോടി രൂപയുടെ നഷ്ടമായിരുന്നു. മൊത്ത വരുമാനം 337.94 കോടി രൂപയിൽ നിന്നുയർന്ന് 407.06 കോടി രൂപയായി. 33.28 കോടി രൂപയാണ് പ്രവർത്തനലാഭം. കഴിഞ്ഞവർഷത്തെ ജൂൺപാദത്തിൽ കുറിച്ചത് 3.29 കോടി രൂപയുടെ പ്രവർത്തന നഷ്ടമായിരുന്നു.ഭേദപ്പെട്ട പ്രവർത്തനഫലത്തിന്റെ കരുത്തിൽ ബാങ്കിന്റെ ഓഹരികളും നേട്ടത്തിലേറി. ഇന്ന് എൻഎസ്ഇയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് 0.96% നേട്ടവുമായി 29.41 രൂപയിൽ. ഒരുഘട്ടത്തിൽ ഓഹരിവില 30.80 രൂപവരെയും എത്തിയിരുന്നു. കഴിഞ്ഞവർഷം ജൂലൈ 31ന് കുറിച്ച 46.20 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം; 52-ആഴ്ചത്തെ താഴ്ച ഈവർഷം ജനുവരി 28ലെ 22 രൂപയും. 1,160 കോടി രൂപയാണ് നിലവിൽ ബാങ്കിന്റെ വിപണിമൂല്യം.കഴിഞ്ഞപാദങ്ങളിൽ തുടർച്ചയായി ലാഭത്തിലേറാൻ ധനലക്ഷ്മി ബാങ്കിനു കഴിഞ്ഞു. എങ്കിലും ഇക്കഴിഞ്ഞ മാർച്ചുപാദത്തെ അപേക്ഷിച്ച് ലാഭം കുറഞ്ഞു. ജനുവരി-മാർച്ചിൽ ബാങ്ക് 28.98 കോടി രൂപ ലാഭം നേടിയിരുന്നു. ∙ എന്നാൽ, കഴിഞ്ഞ മാർച്ചുപാദത്തിൽ പ്രവർത്തന മാർജിൻ 9.83 ശതമാനവും ലാഭ മാർജിൻ 7.36 ശതമാനവുമായിരുന്നു.
Source link