ട്രംപിന്റേത് ‘ബ്ലാക്ക് മെയിലിങ്’; ദക്ഷിണ കൊറിയയ്ക്ക് 15% മാത്രം; ഇന്ത്യയ്ക്കു പിന്നാലെ ബ്രസീലിനും ‘കുത്ത്’, ലക്ഷ്യം ബ്രിക്സിനെ പൊളിക്കലും

ഇന്ത്യയ്ക്കുമേൽ ഏകപക്ഷീയമായി 25% ഇറക്കുമതി തീരുവയും റഷ്യൻ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് പിഴയും ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കം ‘ബ്ലാക്ക് മെയിലിങ്’ എന്ന് പൊതു വിലയിരുത്തൽ. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചയിലുടനീളം യുഎസ് ഉന്നയിച്ച ആവശ്യങ്ങൾ ഇന്ത്യൻ പ്രതിനിധികൾ അംഗീകരിച്ചിരുന്നില്ല. ഇന്ത്യയുടെ ക്ഷീര, കാർഷിക വിപണികൾ തുറന്നുകിട്ടണമെന്നും ജനിതകമാറ്റം വരുത്തിയ കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നതും ആയിരുന്നു യുഎസിന്റെ പ്രധാന ആവശ്യം. ഇതിന് ഇന്ത്യ വഴങ്ങാതിരുന്നതും ചർച്ചയിൽ ശക്തമായി നിലകൊണ്ടതും ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു.റഷ്യൻ എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നത് വാദങ്ങൾക്ക് കരുത്ത് നേടാനുള്ള ട്രംപിന്റെ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു. വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് പ്രതിനിധിസംഘം വൈകാതെ ഇന്ത്യയിലെത്തുന്നുണ്ട്. അതിനുമുമ്പ് ഇന്ത്യയെ സമ്മർദത്തിലാക്കി, യുഎസിന് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിക്കുകയെന്ന കൗശലമാണ് ട്രംപിന്റേതെന്നും കരുതുന്നു. അതേസമയം കർഷകരുടെയും ചെറുകിട സംരംഭകരുടെയും (എംഎസ്എംഇ) താൽപര്യം സംരക്ഷിക്കുമെന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നും യുഎസുമായി ചർച്ചകൾ തുടരുമെന്നുമാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചത്. അധികച്ചുങ്കത്തിന്റെ പ്രത്യാഘാതം വിലയിരുത്തുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.ഇന്ത്യയുടെ ജെം ആൻഡ് ജ്വല്ലറി, ഇലക്ട്രോണിക്സ്, വാഹനഘടകങ്ങൾ, സമുദ്രോൽപന്നങ്ങൾ, വസ്ത്രം, മരുന്നുകൾ തുടങ്ങിയ കയറ്റുമതിയെയും ഈ രംഗത്തെ കമ്പനികളുടെയും വരുമാനത്തെയും അവയുടെ ഓഹരി വിലയെയും ട്രംപിന്റെ അധികച്ചുങ്കം സാരമായി ബാധിക്കും. കഴിഞ്ഞമാസം ചൈനയെ പിന്തള്ളി ഇന്ത്യ യുഎസിലേക്ക് ഏറ്റവുമധികം സ്മാർട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരുന്നു.∙ ദക്ഷിണ കൊറിയ യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് മത്രമല്ല യുഎസിൽ നിന്ന് വൻതോതിൽ ഉൽപന്നങ്ങൾ വാങ്ങാനും യുഎസിൽ നിക്ഷേപം നടത്താനും സമ്മതിച്ചു.
Source link