ഇല്ല..ഇല്ല! ഇന്ത്യയുമായി ചർച്ചയില്ലെന്ന് ട്രംപ്; വീണ്ടും റഷ്യൻ എണ്ണ വാങ്ങി കടുപ്പിച്ച് ഇന്ത്യ, പിന്തുണച്ച് ചൈന, ഓഹരിക്ക് നെഞ്ചിടിപ്പ്, സ്വർണം മേലോട്ട്

ഇന്ത്യയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താത്തപക്ഷം ചർച്ചയില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ നേരിട്ടും ഇടനിലക്കാർ വഴിയും ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുകയാണെന്നും അത് യുഎസിന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയാണെന്നുമാണ് ഇക്കാര്യത്തിൽ വൈറ്റ്ഹൗസിന്റെയും നിലപാട്. അതേസമയം, ട്രംപ് നേരത്തേ ഇന്ത്യയ്ക്കുമേൽ 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചശേഷവും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു. ഇറക്കുമതി വേണ്ടെന്ന നിലപാട് ഇന്ത്യ ഇതുവരെ എടുത്തിട്ടുമില്ല.ട്രംപിന്റെ താരിഫ് പോരിനിടെ ഇന്ത്യയെ പിന്തുണച്ച് ചൈനയും റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ താരിഫ് നയം രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന തുറന്നടിച്ചു. ഇന്ത്യ കഴിഞ്ഞാൽ റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമാണ് ചൈന. ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവയ്ക്കും പിഴയ്ക്കും സമാനമായ നടപടി ചൈനയ്ക്കുമേലും ഉടനുണ്ടാകുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറയുകയും െചയ്തിരുന്നു. വ്യാപാര പങ്കാളിയെ നിശ്ചയിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് റഷ്യയും വ്യക്തമാക്കിയിരുന്നു.ഒരുവശത്ത് റഷ്യൻ, ചൈനീസ് നേതാക്കളുമായി സമവായ ചർച്ചകൾ യുഎസ് അധികൃതർ നടത്തുന്നതിനിടെയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചൈനയുമായി വ്യാപാരക്കരാർ ചർച്ചകൾ നടക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റും പറഞ്ഞിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് വൈകാതെ ചർച്ച നടത്തുന്നുമുണ്ട്. എന്നിട്ടും ട്രംപ് ഇന്ത്യയ്ക്കെതിരെ റഷ്യൻ എണ്ണയെച്ചൊല്ലി നിലപാട് കടുപ്പിച്ചിരിക്കുകയാണ്.ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി അകാരണവും അന്യായവുമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ട്രംപിനുള്ള പരോക്ഷ മറുപടിയായി പ്രധാനമന്ത്രി മോദിയും പറഞ്ഞിരുന്നു.
Source link