ട്വന്റി20 ‘കളിക്കാത്ത’ ക്യാപ്റ്റൻ, ബോളർമാർ വാഴാത്ത ടീം; ‘ഈ സാലാ കപ്പ്’ എങ്കിലും അടിക്കുമോ?

ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങിയിട്ടും, കന്നിക്കിരീടത്തിനായുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിൽ 18–ാം വർഷത്തിലേക്ക് കടക്കുകയാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ഐപിഎൽ കിരീടം ആർസിബിക്ക് ഇന്നും കിട്ടാക്കനിയാണ്. കഴിഞ്ഞ വർഷം വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടാനായതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ വിരാട് കോലി ഉൾപ്പെടുന്ന പുരുഷടീമിന് ഒരു ഐപിഎൽ കിരീടമെന്നത് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മോഹമാണ്. പതിനെട്ടാം ഐപിഎൽ സീസണിൽ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണെങ്കിലും ആ മോഹം സഫലമാക്കുകയായിരിക്കും ടീമിന്റെ ലക്ഷ്യം.
മെഗാലേലത്തിൽ പതിവുപോലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ചും യുവതാരത്തെ ക്യാപ്റ്റനായി അവരോധിച്ചും വമ്പൻ പൊളിച്ചെഴുത്താണ് ആർസിബി നടത്തിയിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരാട് കോലി വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎൽ സീസൺ കൂടിയാണ് ഇത്തവണത്തേത്. സൂപ്പർ താരത്തെ ഇനി ട്വന്റി20 ഫോർമാറ്റിൽ കാണാൻ സാധിക്കുന്ന ഏക അവസരം ഐപിഎലാണ്. ‘ഈ സാലാ കപ്പ് നംദു’ (ഈ വർഷം കപ്പ് നമുക്ക്) ആയാൽ ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎൽ സീസണും ഇതാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
Source link