അദ്ദേഹം ഒരു മത്സരത്തിന്റെ ഭാഗം, സ്വാഭാവികമായും ദാഹിക്കും: മുഹമ്മദ് ഷമിയെ പിന്തുണച്ച് ഷമ മുഹമ്മദ്

ന്യൂഡൽഹി∙ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഇസ്‍ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. ഓസ്ട്രേലിയയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സഹിതമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഷമി യാത്രയുടെ ഭാഗമാണെന്നതിനാൽ അദ്ദേഹം ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്ന് ഷമ മുഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോടു വ്യക്തമാക്കി. ‘‘നമ്മൾ യാത്രയിലായിരിക്കുമ്പോൾ ഭക്ഷണം ഉപേക്ഷിക്കേണ്ട കാര്യമില്ല. മുഹമ്മദ് ഷമി ഇവിടെ യാത്രയുടെ ഭാഗമാണ്, അദ്ദേഹം സ്വന്തം സ്ഥലത്തല്ല ഉള്ളത്. ഷമി ഒരു മത്സരത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും അദ്ദേഹത്തിനു ദാഹിക്കും. ഒരു കായിക മത്സരത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ നമ്മുടെ കർമമാണ് ഏറ്റവും പ്രധാനം.’’– ഷമ മുഹമ്മദ് വ്യക്തമാക്കി.
Source link