ആദ്യ ‘ലക്ഷം കോടി’ കേരള കമ്പനിയാകാൻ മുത്തൂറ്റ് ഫിനാൻസ്; ഓഹരിക്ക് റെക്കോർഡ് മധുരം

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) മുൻനിര സ്വർണപ്പണയ (gold loan) സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ (Muthoot Finance) ഓഹരികൾ റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ 2,261.40 രൂപയിൽ ഇന്നു വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തിൽ 2,308.95 രൂപയെന്ന റെക്കോർഡ് ഉയരംതൊട്ടു. ഇന്നത്തെ സെഷൻ അവസാന മിനിറ്റുകളിലേക്ക് കടക്കുമ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1.38% ഉയർന്ന് 2,270 രൂപയിൽ. കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 91,000 രൂപയും ഭേദിച്ചു. 90,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ കേരളക്കമ്പനിയെന്ന നേട്ടവും മുത്തൂറ്റ് ഫിനാൻസിന് സ്വന്തം. 58,998 കോടി രൂപ വിപണിമൂല്യവുമായി കല്യാൺ ജ്വല്ലേഴ്സാണ് കേരളക്കമ്പനികളിൽ മൂല്യത്തിൽ രണ്ടാമത്. ഫാക്ട് (58,262 കോടി രൂപ), ഫെഡറൽ ബാങ്ക് (45,200 കോടി രൂപ), കൊച്ചിൻ ഷിപ്പ്യാർഡ് (37,452 കോടി രൂപ) എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.ഏപ്രിൽ-സെപ്റ്റംബറിൽ സംയോജിത (ഉപകമ്പനികളുടെയും ചേർത്ത്) വായ്പാമൂല്യം (consolidated loan AUM) ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ഈടുരഹിത (unsecured credit) വായ്പകൾക്കുമേൽ റിസർവ് ബാങ്ക് നിയന്ത്രണം കടുപ്പിച്ചതോടെ സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് ഏറിയതും സ്വർണവിലയിലെ സമീപകാല റെക്കോർഡ് മുന്നേറ്റവും, മുത്തൂറ്റ് ഫിനാൻസിന്റെ ഗോൾഡ് ലോൺ വിതരണ വളർച്ച മെച്ചപ്പെടാൻ സഹായിച്ചുവെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 66% നേട്ടം സമ്മാനിച്ച ഓഹരിയാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം ഓഹരിവില 18 ശതമാനത്തിലധികവും ഉയർന്നു.
Source link