അനധികൃത നായ്ക്കൂട്ടം: നാട്ടുകാരുടെ പരാതിയിൽ തീരുമാനമായില്ല, മുൻസിപ്പാലിറ്റിയുടെ ജോലിയാണ് താൻ ചെയ്യുന്നതെന്ന് വീണ

കൊച്ചി∙ കുന്നത്തുനാട്ടിൽ അനധികൃതമായി നായ്ക്കൂട്ടത്തെ വളർത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ ഇന്നും തീരുമാനമായില്ല. വീട് ഒഴിയാൻ വാടകക്കാരി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇവിടെയുള്ള അറുപതിലേറെ നായ്ക്കളെ എന്തു ചെയ്യുമെന്നതാണ് പ്രതിസന്ധി. ഇന്നും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ എംഎല്‍എയും പൊലീസും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമൊക്കെ സ്ഥലത്തെത്തിയെങ്കിലും പ്രതിസന്ധിക്ക് അയവു വന്നിട്ടില്ല. ഈ മാസം 21നു മുൻപ് പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിൽ തത്കാലം പ്രതിേഷധം അവസാനിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.എറണാകുളം ജില്ലയിൽ കുന്നത്തുനാട് പഞ്ചായത്തിലെ പത്താം വാർഡ് വെമ്പിള്ളിയിലുള്ള വാടക വീട്ടിൽ പത്തനംതിട്ട കോന്നി സ്വദേശി വീണ ജനാര്‍ദനൻ തെരുവു നായകൾ ഉൾപ്പെടെ അറുപതോളം എണ്ണത്തെ വളർത്തുന്നു എന്നുതാണ് നാട്ടുകാരുടെ പരാതി. സദാസമയവും നായ്ക്കളുടെ കുരയും പ്രദേശം മുഴുവൻ ദുർഗന്ധവുമാണെന്ന് കാട്ടി കലക്ടർ ഉള്‍പ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ ഇന്നലെ മതിലിനു ചുറ്റുമുള്ള ഷീറ്റ് പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്കും കാരണമായി.
Source link