വരുന്നു ‘ട്രംപ’ൻയുഗം രണ്ടാം ഘട്ടം, ആഗോള വിപണികളിൽ ആശയും ആശങ്കകളും

രൂപയുടെ തകർച്ചയിലും, വിദേശ ഫണ്ടുകളുടെ തുടർവില്പനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനങ്ങളിൽ കൂടുതൽ നഷ്ടം ഒഴിവാക്കിയെങ്കിലും വിദേശ ഫണ്ടുകൾ വില്പന തുടർന്നതിനാൽ മുന്നേറാനായില്ല. മുൻ ആഴ്ചയിൽ 23440 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23203 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 77378 പോയിന്റിൽ നിന്നും 76619 പോയിന്റിലേക്കും ഇറങ്ങി. മുന്നേറി വന്ന ഡോളർ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾക്ക് ശേഷം ക്രമപ്പെട്ടത് ഇന്ത്യൻ രൂപക്ക് ആശ്വാസമായതും, റിലയൻസിന്റെ മികച്ച റിസൾട്ടുമാണ് ഇന്ത്യൻ വിപണിയെ കൂടുതൽ വീഴ്ചയിൽ നിന്നും രക്ഷിച്ചത്. നിഫ്റ്റിക്ക് 23000 പോയിന്റിലെയും, 22800 പോയിന്റിലെയും പിന്തുണകളും, 23500 പോയിന്റിലെയും, 200ഡിഎംഎ ആയ 23680 പോയിന്റിലെയും, 23950 പോയിന്റിലെയും കടമ്പകളും നിർണായകമാണ്.ബാങ്ക് നിഫ്റ്റിയുടെ പിഇ 13.1 മാത്രമാണെന്നതും, ലാർജ് ക്യാപ് സെക്ടറിന്റെ വിപണി വിഹിതം കുറഞ്ഞ നിരക്കിലാണെന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ബജറ്റിലേക്ക് രണ്ടാഴ്ച കൂടി ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ആദായനികുതിയിലും കോർപ്പറേറ്റ് നികുതിയിലും ഇളവുകൾ പ്രഖ്യാപിക്കുമെന്നതുൾപ്പെടെയുള്ള ഊഹങ്ങൾക്ക് അടുത്ത ആഴ്ചകളിൽ ഇന്ത്യൻ വിപണിയിലും അനുരണനങ്ങൾ സൃഷ്ടിക്കാനായേക്കും. എങ്കിലും ക്യാപിറ്റൽ ഗെയിൻ ടാക്സ് ഉയർത്തുമോ എന്നതടക്കമുള്ള ആശങ്കകളും സജീവമാണ്.
Source link