അകത്ത് പിണറായി, പുറത്ത് ഭിന്നസ്വരം; ‘ക്യാപ്റ്റൻ’ തർക്കത്തിലേക്ക് സിപിഎം

കൊല്ലം ∙ നയിക്കാൻ പിണറായി വിജയൻ അല്ലാതെ മറ്റൊരാൾ പാർട്ടിക്കു മുന്നിൽ ഇല്ലെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ പൊതു വികാരം. എന്നാൽ ‘ജനങ്ങളാണു ക്യാപ്റ്റൻ’ എന്നു പുറത്തു പ്രതികരിച്ചു കൊണ്ട് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പാർട്ടിയിൽ ഇക്കാര്യത്തിലുള്ള ഭിന്നതയ്ക്ക് ആക്കം കൂട്ടി. ഇതോടെ മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി പ്രസംഗത്തിലേക്ക് സമ്മേളനം ഉറ്റുനോക്കുന്നു.മുഖ്യമന്ത്രിയുടെ നവകേരള രേഖയിന്മേൽ ഇന്നലെ നടന്ന ചർച്ചയിൽ പിണറായി വച്ച നിർദേശങ്ങൾക്കെതിരെ എതിർപ്പ് ഉയർന്നു; എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരാളും സംസാരിച്ചില്ല. മുഖ്യമന്ത്രി സ്തുതികളാലും ചർച്ച സമ്പന്നമായി. ഏരിയ, ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉണ്ടായപ്പോഴാണ് സംസ്ഥാന സമ്മേളനം അദ്ദേഹത്തെ തൊടാഞ്ഞത്. മന്ത്രിമാരിൽ പലരും പോരെന്നും പിണറായിയുടെ നേതൃത്വമാണ് മന്ത്രിസഭയുടെ കരുത്തെന്നും ആയിരുന്നു ഊന്നൽ. മൂന്നാമതും പിണറായി നയിക്കണമെന്ന മുറവിളി ഉയർന്നില്ലെങ്കിലും അതാണു പ്രതിനിധികൾ പറഞ്ഞു വച്ചത്.
Source link