ഇസ്രയേലി യുവതി ഉൾപ്പെടെ 2 പേരെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മൂന്നാം പ്രതിക്കായി തിരച്ചിൽ

ബെംഗളൂരു∙ ഇസ്രയേലി വനിതയേയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. ഗംഗാവതി സ്വദേശിയായ നിർമാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ഇന്ന് കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണു കേസിലെ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന സനാപൂർ തടാകത്തിനു സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിനു മുന്നിലെ സിസിടിവികളിൽനിന്നാണ് പൊലീസിനു പ്രതികളുടെ ദൃശ്യങ്ങൾ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Source link