സമയമാപിനികളെ പിന്നോട്ടു തിരിച്ചുവച്ച പോലെ! സച്ചിൻ തെൻഡുൽക്കർക്ക് ഒരു മാറ്റവുമില്ല, ഗാലറിയെ ത്രസിപ്പിച്ച് ഇതിഹാസം

ഓർക്കുന്നുവോ, സർജന്റെ കത്തിയുടെ കൃത്യതയുള്ളതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ക്ലാസിക് ബാക്ക്ഫുട്ട് കവർഡ്രൈവ്?ക്രീസിൽ നിന്ന് ബൗണ്ടറി വരെ ഒരു നേർരേഖ പോലെയുള്ള സ്ട്രൈറ്റ് ഡ്രൈവ്? ഗ്രൗണ്ടിന്റെ അതിരിനപ്പുറം അവസാനിക്കുന്ന, കണ്ണഞ്ചിപ്പിക്കുന്ന ലോഫ്റ്റഡ് സ്ക്വയർ കട്ട്? ഇന്ത്യയുടെ ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്ററുടെ മാസ്റ്റർപീസ് ഷോട്ടുകൾ. പ്രായം 52ലേക്കു കടക്കുമ്പോഴും രണ്ടു പതിറ്റാണ്ടിനപ്പുറത്തെ അതേ ചടുലതയുമായി സച്ചിൻ രമേഷ് തെൻഡുൽക്കർ ഗാലറികളെ ത്രസിപ്പിക്കുകയാണ്. വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിലാണ് സച്ചിന്റെ പുനരാവതാരം. 90കളുടെ ഗൃഹാതുരത്വമുണർത്തുന്ന ത്രോബായ്ക്കാണ് ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ മാസ്റ്റേഴ്സ് ലീഗിൽ കണ്ടത്. ലീഗ് റൗണ്ടിലെ ടോപ്പർമാരായി സെമിയിലെത്തിയ ഇന്ത്യൻ ടീമിനായി ക്യാപ്റ്റൻ സച്ചിൻ ക്രീസിലിറങ്ങുന്നത് സമയമാപിനികളെ പിന്നോട്ടു തിരിച്ചു വച്ചതു പോലെയാണ്. സച്ചിന്റെ നായകത്വത്തിൽ ഇന്ത്യ സെമിയിലെത്തിക്കഴിഞ്ഞു. 13, 14 തീയതികളിൽ റായ്പുരിൽ സെമിഫൈനലുകളും 16ന് ഫൈനലും നടക്കും.
Source link