ഒന്നര ലക്ഷം തൊഴിൽ നഷ്ടം, കമ്പനികൾ പൂട്ടും; ദാക്ഷിണ്യമില്ലാതെ ട്രംപ്, ഡെഡ് ലൈൻ വരുന്നു; എന്തു ചെയ്യും കേന്ദ്രം?

വ്യാപാര യുദ്ധത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു കനത്ത തോതിൽ പകരച്ചുങ്കം ഏർപ്പെടുത്തിയാൽ സമ്പദ്‌വ്യവസ്ഥയ്ക്കു നേരിടേണ്ടിവരുന്ന ആഘാതം വാർഷികാടിസ്ഥാനത്തിൽ 75,000 കോടി രൂപയുടേതായിരിക്കുമെന്നു വിവിധ ഏജൻസികളുടെ പഠനങ്ങളിൽനിന്ന് അനുമാനിക്കുന്നു. സമുദ്രവിഭവങ്ങൾ, തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി കേരളത്തിൽനിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിക്കും ട്രംപിന്റെ നയം കനത്ത ആഘാതമാകും. ഇന്ത്യയിൽനിന്നുള്ള മൊത്തം കയറ്റുമതിയിൽ യുഎസിലേക്കുള്ളതു 2023 –24ലെ കണക്കു പ്രകാരം 18 ശതമാനമാണ്. അതായത്, ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിന്റെ 2.25%. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നു യുഎസിലേക്കു കയറ്റുമതി ചെയ്തത് 6,74,337 കോടി രൂപയ്ക്കുള്ള ഉൽപന്നങ്ങളാണ്. യുഎസിൽനിന്ന് ഇറക്കുമതി ചെയ്തതിനെക്കാൾ 3,30,600 കോടി അധികമാണിത്. യുഎസിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് അന്യായമായ നിരക്കിലാണ് ഇന്ത്യ ചുങ്കം ചുമത്തുന്നത് എന്നാണു ട്രംപിന്റെ ആരോപണം.
Source link