‘ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ട’: പൈവളിഗെയിലെ മരണത്തിൽ വിശദീകരണം നൽകണമെന്ന് കോടതി

കൊച്ചി ∙ കാസർകോട് പൈവളിഗെയിൽ പതിനഞ്ചുകാരിയെയും അയൽവാസിയായ 42കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തെ കുറിച്ച് വിശദീകരണം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതിൽനിന്നും അന്വേഷണം മോശമായ രീതിയിൽ അല്ല നടന്നിട്ടുള്ളത് എന്ന് മനസിലായെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ല എന്ന് തോന്നാതിരിക്കാൻ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി സമർപ്പിച്ചതിനു ശേഷമുണ്ടായ കാര്യങ്ങൾ കോടതി മുൻപാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു മനസിലാക്കി. ഉച്ചയ്ക്കു ശേഷം കോടതി ചേരുന്നതിനു മുമ്പായി കേസ് ഡയറികളും കോടതി പരിശോധിച്ചു. തുടർന്നാണ് കേസ് സംബന്ധിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്. ഈ കേസിൽ പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി സംസാരിച്ചതാണെന്നും കോടതി പറഞ്ഞു.
Source link