നാട്ടുമത്സരങ്ങളും താരങ്ങളും; രഞ്ജിയിൽ കേരളത്തിന്റെ ഫൈനല്‍ പ്രവേശം ഓർമിപ്പിക്കുന്നത്

പ്രസിദ്ധ സ്പിന്‍ ബൗളറായ പദ്മാകര്‍ ശിവാല്‍ക്കര്‍ കഴിഞ്ഞ ദിവസം 84ാം വയസ്സില്‍ അന്തരിച്ചു. ഇടങ്കൈ സ്പിന്നറായ അദ്ദേഹത്തിന്റെ പ്രശസ്തി മുഴുവന്‍ രഞ്ജി ട്രോഫി മത്സരങ്ങളുള്‍പ്പെടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് രൂപമെടുത്തതായിരുന്നു.ആകെ 589 വിക്കറ്റുകള്‍, അതില്‍ 361 മുംബൈക്ക് ( ബോംബെ ) വേണ്ടി രഞ്ജി ട്രോഫിയില്‍ നിന്ന് ശരാശരി 19.69.65-66ല്‍ തുടങ്ങി 76-77 ല്‍ ബോംബെ 10 തവണ ചാമ്പ്യന്മാരായപ്പോള്‍ പത്തിലും പാഡി എന്ന ശിവാല്‍ക്കര്‍ ഉണ്ട്.72 -73ല്‍ തമിഴ്നാടിനെതിരെയുള്ള ഫൈനലില്‍ ചുഴലിയായി മാറിയ ചെപ്പോക്കിലെ പിച്ചില്‍ രണ്ട് ദിവസവും ഒരു പന്തും കളിച്ച് ബോംബെ ചാമ്പ്യന്മാരായപ്പോള്‍ ശിവാല്‍ക്കര്‍ 16 റണ്‍സ് മാത്രം വഴങ്ങി 8 വിക്കറ്റ് നേടുകയുണ്ടായി. 47-ാം വയസ്സില്‍ അദ്ദേഹം റിട്ടയര്‍മെന്റില്‍ നിന്ന് തിരിച്ചുവന്ന് ബോംബെയ്ക്ക് വേണ്ടി രഞ്ജിയില്‍ രണ്ടു കളി കൂടി കളിച്ചു. ഇദ്ദേഹം ടെസ്റ്റ് കളിച്ചിട്ടേയില്ല. ഹരിയാണക്കാരനായ മറ്റൊരു ഇടങ്കൈ സ്പിന്നര്‍ രാജീന്ദര്‍ ഗോയലിനൊപ്പമാണ് ശിവാല്‍ക്കറെ ഉള്‍പെടുത്താറുള്ളത്. ഇരുവരും ബിഷന്‍ സിങ്ങ് ബേദിയുടെ കാലത്ത് കളിച്ചവരായതിനാല്‍ ടെസ്റ്റ്ടീമിലേക്കുള്ള ഇവരുടെ വഴി തടസ്സപ്പെട്ടു. ഇരുവരേയും ബിസിസിഐ, സമഗ്രസംഭാവനക്കുള്ള സികെ നായിഡു ട്രോഫി സമ്മാനിച്ച് 2017ല്‍ ആദരിക്കുകയുണ്ടായി. ടെസ്റ്റ് കളിക്കാന്‍ കഴിയാത്ത വേദനയ്ക്ക് വാര്‍ധക്യത്തില്‍ ചെറിയൊരു ലേപനം. ശിവാല്‍ക്കറുടെ കളി സംബന്ധിച്ച ഈ ചെറിയ വിവരണത്തില്‍ നിന്നു തന്നെ കളിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ബോംബെ ടീമുമായി അദ്ദേഹത്തിനുള്ള അഗാധമായ ബന്ധവും മനസ്സിലാവും. മറ്റൊരു കാര്യം കൂടി വ്യക്തമാവും. രഞ്ജി ട്രോഫിയിലെ നേട്ടം അതിന്റെ പത്തരമാറ്റ് ശൂദ്ധിയില്‍ മറ്റേതു വിജയവും പോലെ തിളങ്ങുന്ന ഒന്നു തന്നെ. കുറെ വര്‍ഷങ്ങള്‍ സഞ്ചരിച്ച കേരളം നടാടെ ഫൈനല്‍ കളിച്ച് ട്രോഫി നേടാതെയാണ് മടങ്ങിയതെങ്കിലും അനേകം ടെസ്റ്റ് താരങ്ങളെ സമ്മാനിച്ച മറ്റു ടീമുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ നേട്ടം അപൂര്‍വം. സച്ചിന്‍ ബേബിയുടെ നേതൃത്വത്തില്‍, ഏറ്റവും മികച്ച കളിക്കാരന്‍ സഞ്ജു സാംസണെ കൂടാതെയാണ് കേരളം ഈ നേട്ടമുണ്ടാക്കിയത് എന്നും ഓര്‍ക്കണം. ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവ് ഇപ്പോള്‍ എല്ലാ മൂലയിലേക്കും പടര്‍ന്നതും പരിശീലകരുടെ സേവനം ലഭ്യമായതും ഈ കയറ്റത്തിന് കാരണമാണ്. കോച്ച് അമയ് ഖുറാസിയയുടെ സേവനം കളിക്കാര്‍ തന്നെ എടുത്തു പറഞ്ഞിട്ടുള്ളതാണ്.
Source link