കലഹം പതിവ്, ഭർത്താവിനെ ക്രൂരമായി തല്ലി ഭാര്യയും പെൺമക്കളും; പിന്നാലെ ആത്മഹത്യ

ഭോപാൽ ∙ മധ്യപ്രദേശിലെ മോറേന സ്വദേശിയായ ആളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നു പെൺമക്കളും ഒരു മകനുമുള്ള ഹരീന്ദ്ര മൗര്യ എന്ന ഇലക്ട്രിഷ്യനാണ് ആത്മഹത്യ ചെയ്തത്. ഹരീന്ദ്രയെ പെൺമക്കളും ഭാര്യയും ചേർന്നു വടികൊണ്ടു തല്ലുന്നതിന്റെയും പ്രതികരിക്കാനാകാതെ ദയനീയമായി അടിയേറ്റു കരയുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഹരീന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് റിപ്പോർട്ട് കിട്ടുമ്പോൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതികരണം. ഹരീന്ദ്രയും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിനു മൊഴി നൽകി. മാർച്ച് ഒന്നിന് ഇവരുടെ രണ്ടു പെൺമക്കളുടെ വിവാഹം നടത്തിയിരുന്നു. ഇതിനു പിന്നാലെ, വിവാഹമോചനം വേണമെന്നും സ്വന്തം വീട്ടിലേക്കു പോകണമെന്നും ഹരീന്ദ്രയുടെ ഭാര്യ ആവശ്യപ്പെട്ടു. ഇതിൽ ദുഃഖിതനായ ഹരീന്ദ്ര മുറിക്കുള്ളിൽ കയറി വാതിൽ അടച്ചുപൂട്ടിയെന്നും ഏറെസമയം കഴിഞ്ഞും ഇയാൾ പുറത്തിറങ്ങാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും കുടുംബം പറയുന്നു.
Source link