നാലായിരത്തിലധികം പേരെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തു, അതിൽ എത്ര സിനിമാക്കാർ ഉണ്ട്: ദിലീഷ് പോത്തൻ

ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണെന്നും സിനിമയിൽ ഉള്ളവർ ഉപയോഗിച്ചാൽ അതിനെ ന്യായീകരിക്കില്ലെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. സമൂഹത്തിലെ പല ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഹരിവേട്ടയിൽ അറസ്റ്റിലായ നാലായിരത്തിലധികം ആളുകൾ. അതിൽ എത്ര സിനിമാക്കാർ ഉണ്ടെന്ന് ദിലീഷ് പോത്തൻ ചോദിക്കുന്നു. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടാകാം. കാരണം സിനിമയും സിനിമാക്കാരും ഈ സമൂഹത്തിൽ ഉളളവർ തന്നെയാണ്. പക്ഷേ സിനിമയിൽ ഉള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. ‘ആവേശം’ സിനിമയുടെ മേക്കപ്പ്മാൻ ലഹരികേസിൽ പിടിയിലായതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ‘‘കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ പൊലീസിന്റെ ലഹരിവേട്ടയ്ക്കിടയിൽ നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്തയിൽ പറയുന്നത്. അതിൽ എത്ര സിനിമാക്കാരെ അറസ്റ്റ് ചെയ്തു, എണ്ണം പറ. അതിൽ ഡോക്ടേഴ്സ് ഉണ്ട്, ബിസിനസ്സുകാരുണ്ട്, പല പ്രഫഷനിൽ ഉള്ളവരുണ്ട്. ഒരാളാണെങ്കിലും തെറ്റ് ചെയ്തെങ്കിൽ തെറ്റ് തെറ്റ് തന്നെ. അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല.
Source link