ബംഗ്ലദേശിനുവരെ ‘വൈറ്റ് വാഷ്’ വിജയം, പാക്കിസ്ഥാനിൽ കളിച്ചിട്ടും തോറ്റു, ആർക്കും പ്രശ്നമില്ല: പരിഹസിച്ച് അക്മൽ

ലഹോർ∙ ബംഗ്ലദേശിനെപ്പോലുള്ള ടീമുകൾ ‘വൈറ്റ്‍വാഷ്’ ചെയ്തിട്ടു പോകുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമെന്ന് പാക്കിസ്ഥാന്റെ മുൻ താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക്കിസ്ഥാന്‍ പുറത്തായതിനു പിന്നാലെയാണു അക്മലിന്റെ പ്രതികരണം. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പിലെ ഒരു മത്സരവും വിജയിക്കാതെയാണ് ആതിഥേയരായ പാക്കിസ്ഥാൻ പുറത്തായത്. ചാംപ്യൻസ് ട്രോഫിയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ നിലവാരം ഉയർത്തിയെങ്കിലും രാജ്യത്തെ ക്രിക്കറ്റ് ഒട്ടും മാറിയിട്ടില്ലെന്നും അക്മൽ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.‘‘ഇന്ത്യ ദുബായിൽ കളിച്ചതിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിൽ തന്നെയാണു പാക്കിസ്ഥാൻ ടീം കളിച്ചത്. തോറ്റതിൽ ആർക്കും ഒരു പ്രശ്നവുമില്ല. ലോകത്തെ മറ്റു ടീമുകൾ കളിക്കുന്നതുപോലെയല്ല പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കുന്നത്. അതാണു ശരിയായ പ്രശ്നം. പാക്കിസ്ഥാനോടുള്ള ബഹുമാനം എങ്ങോട്ടു പോകുന്നുവെന്നത് ആർക്കും വിഷയമല്ല. ആരെങ്കിലും ഇതേക്കുറിച്ചു പറയാതെ അവർക്ക് നാണക്കേടുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.’’
Source link