കഥയും കവിതയും നാടകവും കത്തിച്ചു; അതിജീവിച്ചത് അധഃസ്ഥിതന്റെ വെല്ലുവിളികൾ

ലോകത്തെ പഠിക്കാൻ ശ്രമിച്ചു. ജീവിതത്തെ മനസ്സിലാക്കാൻ നോക്കി. സമൂഹത്തെ ആഴത്തിലും പരപ്പിലും ഉൾക്കൊണ്ട് ജീവിക്കാൻ കഠിനമായി യത്നിച്ചു. എല്ലാ ശ്രമങ്ങളും പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് കെ.കെ. കൊച്ച് അന്വേഷിക്കുന്നത്. പുസ്തകങ്ങളോ പഠനങ്ങളോ വഴികാട്ടികളോ ഉണ്ടായിരുന്നില്ല. കുടുംബത്തിലെ മുതിർന്ന വ്യക്തിയായ തൈത്തറ ചോതിയെ കണ്ടു. അദ്ദേഹത്തിനന്ന് 85 വയസ്സുണ്ടായിരുന്നു. വല്യച്ചന്റെ കുട്ടിക്കാലം മുതലുള്ള ഭൂപ്രകൃതി, ജനവാസം, സാമൂദായികാവസ്ഥ എന്നിവയെക്കുറിച്ച് നേരിട്ടുകേട്ടു. ഒരു പുസ്തകത്തിൽ നിന്നും ഒരിക്കലും ലഭിക്കാത്ത അറിവാണ് ലഭിച്ചത്. ഈ ദീർഘസംഭാഷണത്തിൽ നിന്നും ലഭിച്ച ഭൂതകാല വസ്തുതകളെ വായനാനുഭവങ്ങളുമായി സംയോജിപ്പിച്ച് ഒരു ലേഖനമെഴുതി. അധഃസ്ഥിത ജനത അതിജീവിക്കേണ്ട വെല്ലുവിളികൾ. കൊച്ച് ദലിത് പ്രവർത്തനങ്ങളുടെ ആദ്യാക്ഷരം കുറിക്കുന്നത് ഈ ലേഖനത്തോടെയാണ്.ദലിതൻ എന്ന ആത്മകഥയുടെ ആദ്യ അധ്യായം തുടങ്ങുന്നത് ഈ വെല്ലുവിളികളെക്കുറിച്ചെഴുതിക്കൊണ്ടാണ്. അല്ലാതെ, 1949 ഫെബ്രുവരി 2ന് തലയോലപ്പറമ്പിലെ അമ്മ വീട്ടിൽ ജനിച്ചതിനെക്കുറിച്ച് എഴുതിക്കൊണ്ടല്ല. അധഃസ്ഥിതന്റെ വെല്ലുവിളികളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോൾ കൊച്ചിന് ലഭിച്ചത് പുതുജൻമമാണ്. അതുവരെ കമ്മ്യൂണിസം, നക്സലിസം, ജനകീയ പ്രക്ഷോഭങ്ങൾ എന്നിങ്ങനെ പലവഴി സഞ്ചരിച്ചിട്ടും തെളിഞ്ഞുകിട്ടാതിരുന്ന നിയോഗം വെളിപ്പെടുകയായിരുന്നു. പുനർജൻമം എന്നതിനേക്കാൾ യഥാർഥ ജനനം തന്നെ. ദലിതൻ എന്ന ആത്മകഥയുടെ ആദ്യ അധ്യായവും അങ്ങനെ രൂപപ്പെട്ടു.
Source link