ആരാകും പുതിയ ഡിജിപി ? എം.ആർ.അജിത്കുമാർ ഉൾപ്പെടെ 6 പേർ പട്ടികയിൽ

തിരുവനന്തപുരം ∙ ജൂൺ 30ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ ഒഴിവിലേക്ക് 6 പേരുടെ പട്ടിക തയാറാക്കുന്ന നടപടികൾ തുടങ്ങി. നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിധിൻ അഗർവാൾ, നിലവിൽ ഐബിയുടെ സ്പെഷൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റാവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാകും പട്ടികയിൽ വരിക.എഡിജിപി മനോജ് ഏബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിലെത്തും. ഫയർഫോഴ്സ് ഡിജിപിയായ കെ.പത്മകുമാർ ഏപ്രിലിൽ വിരമിക്കുമ്പോൾ ഡിജിപി തസ്തികയിലെത്തേണ്ടത് സുരേഷ് രാജ് പുരോഹിതാണ്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയിൽ രണ്ടാമനായ അദ്ദേഹത്തിന് ഒരു വർഷം കൂടി അവിടെ സേവനം നീട്ടി നൽകിയതിനാൽ കേരളത്തിലേക്കില്ല. ആ ഒഴിവിൽ എം.ആർ.അജിത്കുമാർ ഡിജിപി തസ്തികയിലെത്തും. കേരളം അയയ്ക്കുന്ന പട്ടികയിൽനിന്നു മൂന്നു പേരുകളാകും കേന്ദ്രം തിരിച്ചയയ്ക്കുക. ഇതിൽ നിന്നാകും സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിശ്ചയിക്കുക.
Source link