കഞ്ചാവിന് 500 രൂപ, നൽകിയത് പൂർവ വിദ്യാർഥി; പൊലീസിനെ ഹോസ്റ്റലിലെത്തിച്ചത് ആ കത്ത്: 2പേർ കസ്റ്റഡിയിൽ

കൊച്ചി∙ കളമശ്ശേരി പോളിടെക്‌നിക് കേളജിലെ ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്‌നിക്കിലെ പൂർവ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പൂർവ വിദ്യാർഥികളോ ക്യാംപസും ഹോസ്റ്റലും നന്നായി അറിയുന്നവരോ ആണ് കഞ്ചാവ് എത്തിച്ചിരുന്നത് എന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ആഷിക് ഹോസ്റ്റിലേക്കു കഞ്ചാവ് കൊണ്ടുവന്നതെന്നാണ് നിഗമനം. ആഷിക്കിന് എവിടെനിന്നാണ് ഇത് ലഭിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൂർവ വിദ്യാർഥിയായ ആഷിക് സെമസ്റ്റര്‍ ഔട്ടായെന്നും ഇതിനു ശേഷവും ഇയാള്‍ ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നുമാണ് വിവരം. ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നാണു സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
Source link