WPL Final വനിതാ പ്രിമിയർ ലീഗ് ഫൈനലിൽ ഡൽഹിക്ക് ഹാട്രിക് തോൽവി; രണ്ടാം ഫൈനലിലും കിരീടം ചൂടി മുംബൈ ഇന്ത്യൻസ് – വിഡിയോ

മുംബൈ∙ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് ചൊല്ല് വനിതാ പ്രിമിയർ ലീഗ് ഫൈനൽ പോരാട്ടങ്ങളുടെ കാര്യത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചും പിഴച്ചു. വനിതാ പ്രിമിയർ ലീഗിന്റെ തുടക്കം മുതൽ തുടർച്ചയായ മൂന്നാം സീസണിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടോടെ ഫൈനലിൽ കടന്ന ഡൽഹിക്ക്, ഒരിക്കൽക്കൂടി ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനു മുന്നിൽ കാലിടറി. വനിതാ പ്രിമിയർ ലീഗ് ഫൈനലുകളിൽ ഡൽഹിക്ക് ഹാട്രിക് തോൽവിയുടെ വേദന സമ്മാനിച്ച്, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ 8 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. ലീഗിന്റെ പ്രഥമ സീസണിലും ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരായത്.മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറിന് 83 റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി ക്യാപിറ്റൽസിനെ, ഏഴാം വിക്കറ്റിൽ 29 പന്തിൽ 40 റൺസ് അടിച്ചുകൂട്ടിയ മരിസെയ്ൻ കാപ്പ് – നികി പ്രസാദ് സഖ്യം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. ഒടുവിൽ ഒറ്റ വിക്കറ്റ് ബാക്കിനിൽക്കെ രണ്ടു പന്തിലും സിക്സടിച്ചാൽ ജയിക്കാമെന്ന നിലയിലേക്ക് വരെ എത്തിയെങ്കിലും ഡൽഹി മത്സരം കൈവിട്ടു.
Source link