തീരുമാനങ്ങൾ ഒന്നും നടക്കുന്നില്ല; മെല്ലെപ്പോക്കിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം ∙ യോഗങ്ങളിൽ താൻ നിർദേശിക്കുന്ന കാര്യങ്ങൾ പോലും ഐഎഎസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മെല്ലെപ്പോക്കിനെ മുഖ്യമന്ത്രി തന്നെ വിമർശിച്ചതോടെ ഓരോ വകുപ്പിലും നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാൻ ചീഫ് സെക്രട്ടറി വകുപ്പുമേധാവികളോട് ആവശ്യപ്പെട്ടു. വാക്കാലും ഫയലിൽ കുറിപ്പായുമുള്ള മുഖ്യമന്ത്രിയുടെ വിമർശനം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വെളിപ്പെടുത്തിയത്.തന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ചീഫ് സെക്രട്ടറി വിളിച്ചുചേർക്കുന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗങ്ങളിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ, ചില മുഖ്യപദ്ധതികൾ ഇപ്പോഴും ഇഴയുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.മുഖ്യമന്ത്രിയുടെ പരാതിയെത്തുടർന്ന് തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികൾ സെക്രട്ടറിമാർ ആരംഭിച്ചിട്ടുണ്ട്. നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ റവന്യു, ധന, നിയമ വകുപ്പുകൾക്ക് നിർദേശവും നൽകി. ഈ വകുപ്പുകളുടെ അനുമതിയും അഭിപ്രായവും വൈകുന്നതിനാൽ പല തീരുമാനങ്ങളും നടപ്പാക്കാൻ കഴിയുന്നില്ലെന്ന മറ്റു വകുപ്പുകളുടെ പരാതിയെത്തുടർന്നാണിത്.
Source link