GOLD BREAKS RECORD വീണ്ടും ‘തീപിടിച്ച്’ സ്വർണവില; പവൻ ചരിത്രത്തിലാദ്യമായി 66,000 രൂപയിൽ, കുതിപ്പിന് കളമൊരുക്കി ഇസ്രയേൽ-ഗാസ പോര്

കഴിഞ്ഞ രണ്ടുദിവസമായി താഴേക്കുനീങ്ങിയ സ്വർണവിലയിൽ (gold rate) വീണ്ടും കുതിച്ചുകയറ്റം. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവരെയും ആശങ്കപ്പെടുത്തി, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻവില (Kerala gold price) 66,000 രൂപയിലെത്തി. 320 രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിനും 40 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 8,250 രൂപയായി. ഈമാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമെന്ന റെക്കോർഡ് തകർന്നു.ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 6,810 രൂപയായി. ഇതും എക്കാലത്തെയും ഉയരമാണ്. വെള്ളിവില ഗ്രാമിന് 111 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റിനു വില ഗ്രാമിന് 6,790 രൂപയാണ്. ഇന്നു കൂടിയത് 30 രൂപ. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് 111 രൂപയായി.
Source link