‘ആശാ സമരം തകർക്കാൻ സർക്കാർ ശ്രമം; ആയിരം തവണ ഗംഗയിൽ മുങ്ങിക്കുളിച്ചാലും സിപിഎമ്മിന്റെ പാപം തീരില്ല’

തിരുവനന്തപുരം∙ ആശാ വർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ‘ആശമാർക്ക്’ പിന്തുണയുമായി 27നും 28നും സെക്രട്ടേറിയറ്റ് നടയിൽ സ്ത്രീകളുടെ രാപകൽ സമരം സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി നേതൃയോഗത്തിനു ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ‘‘ആശാ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്റെ തലയിലിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പാളി. പാർലമെന്റിൽ ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിനു കുടിശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി. കേരളം കേന്ദ്ര ഫണ്ടിന്റെ ഒരു കണക്കും കൊടുക്കുന്നില്ലെന്ന് എല്ലാവർക്കും മനസിലായി. കേന്ദ്ര ധനമന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൽ കേന്ദ്രത്തിനെതിരെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞില്ല. കേരളത്തിൽ അവർ നടത്തുന്ന പ്രചാരണം പച്ച നുണയാണെന്നതിന്റെ തെളിവാണിത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നെങ്കിൽ അത് കേന്ദ്ര ധനമന്ത്രിയോട് പറയണമായിരുന്നു. വയനാട് പുനരധിവാസത്തിലും സർക്കാരിന്റെ കള്ളത്തരം വെളിച്ചത്തായി. ദുരിതബാധിതർക്ക് സർക്കാരിനെ മനസിലായി. ആയിരക്കണക്കിന് കോടി രൂപ സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും പുനരധിവാസത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.’’ – കെ.സുരേന്ദ്രൻ പറഞ്ഞു.
Source link