സൈജു കുറുപ്പ്-അര്‍ജുന്‍ അശോകന്‍-തൻവി റാം ചിത്രം ‘അഭിലാഷം’ ട്രെയ്ലർ പുറത്ത്; മാർച്ച് 29-ന് റിലീസ്

സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം- അഭിലാഷത്തിന്റെ ട്രെയ്ലര്‍ പുറത്ത്. മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ഡ്രാമയാണ് ചിത്രമെന്ന പ്രതീതിയാണ് ട്രെയ്ലര്‍ തരുന്നത്. 2025 മാര്‍ച്ച് 29-ന് ഈദ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. അഭിലാഷ് കുമാര്‍ എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തില്‍, താജു ആയി അര്‍ജുന്‍ അശോകന്‍, ഷെറിന്‍ മൂസ ആയ തന്‍വി റാം എന്നിവര്‍ വേഷമിട്ടിരിക്കുന്നു. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് പ്രണയവും നര്‍മ്മവും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ഇവരെ കൂടാതെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി., നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍, പ്രണയ ഗാനം, ടീസര്‍ എന്നിവയും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു.
Source link