അശ്വിനെ കാഴ്ചക്കാരനാക്കി ധോണിയുടെ ബാറ്റിങ്, പതിരാനയെ സിക്സർ തൂക്കി പരിശീലനം- വിഡിയോ

ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് 2025 സീസണിനു മുന്നോടിയായുള്ള പരിശീലന ക്യാംപിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി. ശ്രീലങ്കൻ യുവപേസർ മതീഷ പതിരാനയെ ധോണി ‘ഹെലികോപ്റ്റർ ഷോട്ടിൽ’ സിക്സർ പറത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നോൺ സ്ട്രൈക്കറായി മറുവശത്തു നിൽക്കുകയായിരുന്ന ആർ. അശ്വിൻ ധോണിയുടെ സിക്സർ നോക്കിനിൽക്കുന്നതും, പിന്നീട് സൂപ്പർ താരത്തെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.മികച്ച ഫോമിൽ പന്തെറിയുന്ന 22 വയസ്സുകാരനായ പതിരാനയെ 43 വയസ്സുകാരൻ ധോണി സിക്സർ തൂക്കുന്ന ദൃശ്യങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. 2020 ൽ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച സൂപ്പർ താരം ഐപിഎല്ലിന്റെ പുതിയ സീസണിലും അടിച്ചുതകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിനകത്തെ മത്സരത്തിനിടെയാണ് പതിരാനയുടെ യോർക്കർ ധോണി ബൗണ്ടറി കടത്തിയത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവനിൽ ഫിനിഷർ റോളിൽ തന്നെ ഇറങ്ങും. പതിവു പോലെ ധോണി തന്നെയായിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പർ.
Source link