‘തോറ്റുമടുത്ത’ പാക്കിസ്ഥാന് രക്ഷകനായി ഒരു താരോദയം; 3–ാം മത്സരത്തിൽ സെഞ്ചറിത്തിളക്കവുമായി നവാസ് (105), പാക്കിസ്ഥാന് 9 വിക്കറ്റ് ജയം

ഓക്ലൻഡ്∙ ‘ഒന്നെങ്കിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത്’ – രാജ്യാന്തര ക്രിക്കറ്റിൽ ഈ ചൊല്ല് പാക്കിസ്ഥാൻ ക്രിക്കറ്റിനോളം ചേർന്നുനിൽക്കുന്ന മറ്റൊരു ടീമുണ്ടാകുമോ എന്നു സംശയമാണ്. ചാംപ്യൻസ് ട്രോഫിക്കു പിന്നാലെ ന്യൂസീലൻഡ് പര്യടനത്തിനെത്തി ആദ്യ രണ്ടു മത്സരങ്ങളിലും നാണംകെട്ട് തോറ്റ പാക്കിസ്ഥാൻ, മൂന്നാം മത്സരത്തിൽ നേടിയത് അസാമാന്യ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ മറിടകന്ന പാക്കിസ്ഥാൻ, ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിഭാരവും ഇതോടെ ഇറക്കിവച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ന്യൂസീലൻഡ് ഇപ്പോഴും 2–1ന് മുന്നിലാണ്.രാജ്യാന്തര കരിയറിലെ മൂന്നാമത്തെ മാത്രം മത്സരം കളിക്കുന്ന യുവ ഓപ്പണർ ഹസൻ നവാസിന്റെ തകർപ്പൻ സെഞ്ചറിയാണ് പാക്കിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് 19.5 ഓവറിൽ 204 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ വെറും 16 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. നവാസ് 105 റൺസോടെയും ക്യാപ്റ്റൻ സൽമാൻ ആഗ 51 റൺസോടെയും പുറത്താകാതെ നിന്നു. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായതിന്റെ വിഷമം കൂടി തീർത്താണ്, മൂന്നാം മത്സരത്തിൽ ഹസൻ നവാസ് സെഞ്ചറി കുറിച്ചത്.
Source link