നരെയ്ന്റെ ബാറ്റ് വിക്കറ്റിൽ തട്ടി, ഇടപെട്ട് കോലി, ഒന്നും കണ്ടില്ലെന്ന് ആർസിബി കീപ്പർ; ‘ഹിറ്റ്‍വിക്കറ്റിൽ’ വിവാദം– വിഡിയോ

കൊൽക്കത്ത∙ ഐപിഎല്‍ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 174 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 26 പന്തിൽ 44 റൺസെടുത്ത സുനിൽ നരെയ്ന്റെ ഇന്നിങ്സാണ് കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. പക്ഷേ മത്സരത്തിനിടെ നരെയ്നെതിരെ ബെംഗളൂരു താരങ്ങൾ ഹിറ്റ്‍വിക്കറ്റിന് അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിക്കാതിരുന്നത് വിവാദത്തിനിടയാക്കി.സുനിൽ നരെയ്ന്റെ ബാറ്റിങ്ങിനിടെ ബെയ്ൽ ഇളകിയതോടെയാണ് ഹിറ്റ്‍വിക്കറ്റായെന്ന വാദവുമായി ആർസിബി താരങ്ങൾ രംഗത്തെത്തിയത്. സൂപ്പർ താരം വിരാട് കോലിയാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. റീപ്ലേകളിൽനിന്ന് നരെയ്ന്റെ ബാറ്റ് വിക്കറ്റിൽ തട്ടിയിരിക്കാമെന്നു വ്യക്തമാണ്. ബെയ്ല്‍സ് എങ്ങനെയാണു വീണതെന്നു കോലി വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയോടു ചോദിക്കുന്നുണ്ട്. എന്നാൽ എന്താണു സംഭവിച്ചതെന്നു കണ്ടില്ലെന്നും താൻ പന്തിലേക്കാണു ശ്രദ്ധിച്ചതെന്നുമായിരുന്നു ജിതേഷ് ശർമയുടെ മറുപടി.
Source link