തോൽവിക്കു പിന്നാലെ ലക്നൗ ടീം ഉടമ ഗോയങ്കയും ഋഷഭ് പന്തും തമ്മിൽ ‘സീരിയസ്’ ചർച്ച; രാഹുലിനെ ‘സ്മരിച്ച്’ ആരാധകർ– വിഡിയോ

വിശാഖപട്ടണം∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ മത്സരത്തിനു തൊട്ടുപിന്നാലെ ഗ്രൗണ്ടിൽവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും തമ്മിൽ ഗൗരവമേറിയ ചർച്ച. ഇതു കണ്ടവരുടെ ഓർമയിലെത്തിയത് കഴിഞ്ഞ സീസണിൽ തുടർ തോൽവികൾക്കിടെ ഒരിക്കൽ അന്നത്തെ ലക്നൗ നായകൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവച്ച് ശകാരിച്ച ഗോയങ്കയുടെ ദൃശ്യം. ഏറെ വിവാദമായി മാറിയ അന്നത്തെ ശാസനയുടെ സമാനസ്വാഭാവമുള്ളതായിരുന്നു ഗോയങ്ക – പന്ത് ചർച്ചയെന്നാണ് ആരാധകരുടെ ‘കണ്ടെത്തൽ’. ഇതോടെ ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.മത്സരത്തിൽ ഒരുവേള വിജയമുറപ്പിച്ചു മുന്നേറുകയായിരുന്ന ലക്നൗ സൂപ്പർ ജയന്റ്സ് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി, അവസാന ഓവറിൽ ഒറ്റ വിക്കറ്റ് ബാക്കിനിർത്തിയാണ് വിജയത്തിലെത്തിയത്. ലക്നൗവിനായി ഐപിഎലിൽ ‘അരങ്ങേറ്റ മത്സരം’ കളിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ്ങിൽ പൂർണമായും പരാജയപ്പെട്ട് ആറു പന്തിൽ പൂജ്യം റൺസുമായി പുറത്തായിരുന്നു.
Source link