ഷോക്കിങ് ദൃശ്യങ്ങൾ! വൻ കെട്ടിടങ്ങൾ തകർന്നടിഞ്ഞു, ട്രെയിനുകൾ കുലുങ്ങി; കൂട്ടനിലവിളി, ജനം തെരുവിലൂടെ ഇറങ്ങിയോടി– വിഡിയോ

നീപെഡോ ∙ നഗരമധ്യത്തിലെ അംബരചുംബികൾ കുലുങ്ങി വിറച്ച് മിനിറ്റുകൾ കൊണ്ടു തകർന്നടിയുന്നു, അതിന്റെ പൊടിപടലങ്ങൾ കൂറ്റനൊരു മരുക്കാറ്റു പോലെ തെരുവുകളെയും വാഹനങ്ങളെയും വിഴുങ്ങുന്നു, പരിഭ്രാന്തരായ ആളുകൾ നിലവിളിച്ചുകൊണ്ട് തെരുവുകളിലൂടെ ഓടുന്നു. ചിലർ കുട്ടികളെയുമെടുത്ത് പൊടിയിൽനിന്നു രക്ഷപ്പെടാൻ വാഹനങ്ങളിൽ കയറുന്നു, മെട്രോ ട്രെയിനുകൾ ഇളകിവിറയ്ക്കുന്നു, നീന്തൽക്കുളങ്ങളിലെ വെള്ളം ഇളകിമറിയുന്നു…. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, മ്യാൻമറിലെയും തായ്ലൻഡിലെയും ഭൂചലനത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൻ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂചലനം അനുഭവപ്പെട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എന്തു സഹായവും നൽകാൻ തയാറാണെന്ന് മ്യാൻമറിനെ അറിയിച്ചിട്ടുണ്ട്.
Source link