WORLD

സിപിഎം പാർട്ടി കോൺഗ്രസ് നാളെ മുതൽ; ജനറൽ സെക്രട്ടറിയായി എം.എ.ബേബി വരുമോ ?


തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസിനു നാളെ മധുരയിൽ കൊടിയുയരുമ്പോൾ, ഉന്നത നേതൃനിരയിൽ കേരള ഘടകം കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. ഇഎംഎസിനു ശേഷം കേരളത്തിൽനിന്നു ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്ന വലിയ ചോദ്യത്തിനും മധുര ഉത്തരം നൽകും. 2012 മുതൽ പിബിയിലുള്ള എം.എ.ബേബിക്കു പിറന്നാൾ സമ്മാനമായി അതു ലഭിക്കണമെങ്കിൽ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. പാർട്ടി കോൺഗ്രസിനു തിരശ്ശീല വീഴുന്നതിനു തലേന്ന്– ഏപ്രിൽ 5 നു ബേബി 72–ാം വയസ്സിലേക്കു കടക്കും. പാർട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും സീനിയറായ മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായെങ്കിലും ഡൽഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്.ബേബി ജനറൽ സെക്രട്ടറിയായാൽ കേരളത്തിൽനിന്നു മറ്റൊരാൾക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി.ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്.എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവർ 75 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിവാകും. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെത്തുടർന്നുള്ള ഒഴിവു നികത്തിയിട്ടില്ല. അപ്പോൾ കേരളത്തിൽനിന്ന് 3 പേർ പുതുതായി കേന്ദ്രകമ്മിറ്റിയിൽ വരും. എൽഡിഎഫ് കൺവീനറായതിനാൽ ടി.പി.രാമകൃഷ്ണനും സാധ്യതയുണ്ട്. അദ്ദേഹവും 75 വയസ്സിന് അടുത്തെത്തി.


Source link

Related Articles

Back to top button