ലക്നൗവിലും പഞ്ചാബിനു തന്നെ ‘ശ്രേയസ്’; ഋഷഭ് പന്തിന്റെ ലക്നൗ സൂപ്പർ ജയന്റ്സിനെയും വീഴ്ത്തി തുടർച്ചയായ രണ്ടാം ജയം– വിഡിയോ

ലക്നൗ∙ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ പേരു കാത്ത പ്രകടനവുമായി ഒരിക്കൽക്കൂടി കളത്തിലെ ‘കിങ്സ്’ ആയതോടെ, ഐപിഎൽ 18–ാം സീസണിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ച് പഞ്ചാബ് കിങ്സ്. ബോളർമാർക്കും പിന്തുണ നൽകിയ ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ആതിഥേരായ ലക്നൗവിനെ എട്ടു വിക്കറ്റിന് തകർത്താണ് പഞ്ചാബ് രണ്ടാം ജയം കുറിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 171 റൺസ്. ബോളർമാർക്കു പിന്നാലെ ബാറ്റർമാരും മിന്നിത്തിളങ്ങിയതോടെ 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജയത്തിലെത്തി.തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ, മിന്നുന്ന തുടക്കം സമ്മാനിച്ച് അർധസെഞ്ചറി കടന്ന ഓപ്പണർ പ്രഭ്സിമ്രാൻ സിങ് എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് അനായാസ വിജയമൊരുക്കിയത്. പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 69 റൺസുമായി പഞ്ചാബിന്റെ ടോപ് സ്കോററായി. ശ്രേയസ് അയ്യർ 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 52 റൺസുമായി പുറത്താകാതെ നിന്നു.
Source link