ഇസാഫ് ബാങ്കിന്റെ റീട്ടെയ്ൽ വായ്പകളിൽ വൻ വളർച്ച; പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാർ, ഓഹരിക്ക് 5% കുതിപ്പ്

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിലെ പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ പുറത്തുവിട്ടു. റീട്ടെയ്ൽ വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 5,893 കോടി രൂപയിൽ നിന്ന് 66.28% മുന്നേറി 9,799 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.സ്വർണപ്പണയ വായ്പ, എംഎസ്എംഇ വായ്പ, കാർഷിക വായ്പ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബാങ്കിന്റെ റീട്ടെയ്ൽ വായ്പകൾ. 18,975 കോടി രൂപയാണ് മൊത്തം വായ്പകൾ; വർധന 1.08 ശതമാനം. മൈക്രോ വായ്പകൾ 28.75% കുറഞ്ഞ് 9,176 കോടി രൂപയായി. ബാങ്കിന്റെ മൊത്തം വായ്പകളിൽ 51.64 ശതമാനവും റീട്ടെയ്ൽ വായ്പകളാണെന്ന് റിപ്പോർട്ടിലുണ്ട്. മുൻവർഷത്തെ സമാനപാദത്തിൽ ഈ വിഭാഗം വായ്പകളുടെ വിഹിതം 31.39% മാത്രമായിരുന്നു.മൊത്തം നിക്ഷേപം 17.16% വർധിച്ച് 23,277 കോടി രൂപയിലെത്തി. ടേം ഡെപ്പോസിറ്റുകൾ 13.84% ഉയർന്ന് 17,493 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 28.48% മുന്നേറി 5,784 കോടി രൂപയായതും കാസ അനുപാതം (CASA Ratio) 22.66 ശതമാനത്തിൽ നിന്ന് 24.85 ശതമാനമായതും നേട്ടമായി. എന്നാൽ, ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കാസ അനുപാതം 24.95 ശതമാനമായിരുന്നു.(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link