ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ; വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം

കൽപറ്റ∙ സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന (26) മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും (27) മരിച്ചിരുന്നു. ഇരുവരും നാട്ടിലെത്തി ജൂൺ 16ന് വിവാഹം കഴിക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അഖിൽ അലക്സും സൗദിയിൽ കാർഡിയാക് സെന്ററിൽ നഴ്സായ നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ടീനയും ബുധനാഴ്ച വൈകീട്ട് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.രണ്ടു വർഷത്തോളമായി ടീന സൗദിയിൽ നഴ്സായി ജോലി ചെയ്യുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നാലു മാസം മുമ്പാണ് ടീന അവസാനമായി വീട്ടിലെത്തിയത്. സൗദിയിലെ ജോലി രാജിവച്ച് വിവാഹ ശേഷം അഖിലിനൊപ്പം യുകെയിലേക്കു പോകാനായിരുന്നു തീരുമാനം. സൗദിയിൽ അവധി ദിവസങ്ങളായതിനാൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ലഭിക്കാൻ അടുത്ത ദിവസം ആകുമെന്നാണ് ലഭിക്കുന്ന വിവരമെന്നും ബന്ധുക്കൾ പറഞ്ഞു.
Source link