KERALA

നോമ്പുതുറ ചലഞ്ചും സുമനസ്സുകളുടെ കൈമറന്ന സഹായവും, തിരിച്ചടച്ചത് 16 ലക്ഷം


എടക്കാട്: നാട്ടുകാരിയെ ബാങ്ക് ജപ്തി ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുക്കാനായി സ്ത്രീകളുടെ കൂട്ടായ്മ നടത്തിയ പ്രയത്നം വിജയം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ വിനീത സജീവന്റെ ബാങ്ക് ലോൺ തിരിച്ചടയ്ക്കുന്നതിന് പ്രദേശത്തെ കെട്ടിനകം ലേഡീസ് യൂണിറ്റ് മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനമാണ് ലോൺ പൂർണമായും തിരിച്ചടയ്ക്കാൻ സഹായിച്ചത്. വിനീതയുടെ ഭർത്താവ് പരേതനായ സജീവന്റെ പേരിലായിരുന്നു 16 ലക്ഷം രൂപയുടെ ലോൺ. നോമ്പുതുറ ചലഞ്ച് വഴി പണം സ്വരൂപിക്കാനുള്ള തീരുമാനമായിരുന്നു പി.കെ. മാജിദയുടെ നേതൃത്വത്തിലുള്ള യൂണിറ്റിനെ ശ്രദ്ധേയമാക്കിയത്.നാലുലക്ഷത്തോളം രൂപ നോമ്പുതുറ ചലഞ്ചിലൂടെ ലഭിച്ചു. മാർച്ച് 15-നായിരുന്നു ചലഞ്ചിൽ പങ്കെടുത്തവർക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷ്യവിഭവങ്ങൾ യൂണിറ്റിലെ അംഗങ്ങൾ വീടുകളിൽനിന്ന് പാകം ചെയ്ത് കൊണ്ടുവന്ന് മാജിദയുടെ വീട്ടിൽനിന്ന് വിതരണം ചെയ്തത്. ബാക്കിത്തുകയായ ഏഴ് ലക്ഷം സ്വരൂപിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് യൂണിറ്റ് നടത്തിയത്. നാട്ടുകാരും ബന്ധുക്കളും മറ്റും സഹായിച്ചതോടെ 11 ലക്ഷം തികഞ്ഞു. മാർച്ച് 31-ന് മുൻപ് അടയ്ക്കുകയാണെങ്കിൽ പലിശ ഒഴിവാക്കിനൽകാമെന്ന് ബാങ്ക് അറിയിച്ചിരുന്നു. 31-ന് തുക തികയാതെ വന്നപ്പോൾ 10 ദിവസം കൂടി നീട്ടിനൽകി. കഴിഞ്ഞ ദിവസം മാജിദയും കൂട്ടരും ബാങ്ക് സെക്രട്ടറിക്ക് 16 ലക്ഷവും കൈമാറി. വിനീത ജപ്തിഭീഷണിയിൽനിന്ന് മുക്തമാവുകയും ചെയ്തു. 16 ലക്ഷത്തിൽ അഞ്ച് ലക്ഷം വിനീതയുടെ ബന്ധുക്കൾ നേരത്തെ നൽകിയിരുന്നു. ഈ തുക ബാങ്കിലെ വിനീതയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. രണ്ട്‌ തുകയും ചേർത്ത് 16 ലക്ഷം രൂപ ബാങ്കിലേക്ക് അടച്ചു. പണയം വെച്ച രേഖകൾ യൂണിറ്റ് അംഗങ്ങൾ വിനീതയ്ക്ക് കൈമാറി.


Source link

Related Articles

Back to top button