ഓഹരി വിപണിക്ക് കനത്തചാഞ്ചാട്ടം; നിക്ഷേപകർക്ക് വേണ്ടത് ക്ഷമ

കൊച്ചി ∙ കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്. ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്.ഒറ്റ ദിവസംകൊണ്ട് ആസ്തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെട്ട ഇന്ത്യയിലെ നിക്ഷേപകർക്കും കൈവന്നതു വലിയ ആശ്വാസം. സെൻസെക്സിൽ 1089.18 പോയിന്റിന്റെ കുതിപ്പാണുണ്ടായത്; നിഫ്റ്റി 374.25 പോയിന്റ് വീണ്ടെടുത്തു. ഇടവേളയിൽ സെൻസെക്സ് 1721.49 പോയിന്റ്ും നിഫ്റ്റി 535.60 പോയിന്റും മുന്നേറിയെങ്കിലും ലാഭമെടുപ്പു മൂലം വ്യാപാരാവസാനത്തോടെ പിന്നോട്ടുപോരുകയായിരുന്നു. സെൻസെക്സ് അവസാനിച്ചത് 74,227.08 പോയിന്റിലാണ്; നിഫ്റ്റി 22,535.85 നിലവാരത്തിലും. സെൻസെക്സിലെ വർധന 1.45%; നിഫ്റ്റിയിലേത് 1.67%. എല്ലാ വ്യവസായങ്ങളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ അണിനിരക്കുകയുണ്ടായി.കഴിഞ്ഞ ദിവസം വിപണികളിൽ കനത്ത തകർച്ചയ്ക്കു കാരണമായത് അമേരിക്കയിൽനിന്നു വീശിയടിച്ച പരിഭ്രാന്തിയുടെ തീക്കാറ്റായിരുന്നെങ്കിൽ ആർത്തിരമ്പിയ ആവേശത്തിന്റെ ആരംഭം ചൈനയിൽനിന്നായിരുന്നു. നിക്ഷേപകർക്ക് വേണ്ടതു ക്ഷമ തിരിച്ചുകയറ്റത്തെ അപ്പാടെ വിശ്വസിക്കരുതെന്നും വ്യാപാരയുദ്ധം വ്യാപകമാകുന്നതിന്റെയും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെയും പശ്ചാത്തലത്തിൽ വിപണികളിൽ അനിശ്ചിതത്വം തുടരാനാണു സാധ്യത എന്നുമാണു നിരീക്ഷകരുടെ പൊതുവായ വിലയിരുത്തൽ.
Source link