തോൽവി, കലഹം, ഡ്രസ്സിങ് റൂം രഹസ്യങ്ങളുടെ ചോര്‍ച്ച; ഗംഭീറിന്റെ ‘വലംകൈ’യെ പുറത്താക്കി ബിസിസിഐ

ന്യൂഡല്‍ഹി: ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തി ബിസിസിഐ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെയാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ അഡ്രിയാന്‍ ലി റോക്‌സ് പുതിയ ട്രെയിനറായി ചുമതലയേല്‍ക്കും. മറ്റു രണ്ടു സ്ഥാനങ്ങളില്‍ തത്കാലം നിയമനമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ചുമതലകള്‍ മറ്റു സ്റ്റാഫുകള്‍ക്ക് വീതിച്ചുനല്‍കും. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വലംകൈയായിരുന്നു അഭിഷേക് നായര്‍. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയപ്പോള്‍ അഭിഷേകിനെ സഹപരിശീലകനായി നിയമിച്ചു. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയോടും ന്യൂസീലന്‍ഡിനോടും ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇത് കണക്കിലെടുത്താണ് കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തുന്നത്. ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള നീക്കംകൂടിയാണിത്. ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍, ഗംഭീറിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്ന നെതര്‍ലന്‍ഡ്‌സ് താരം റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവര്‍ ചുമതലയില്‍ തുടരും.
Source link