KERALA

സുന്ദർ പിച്ചൈയും ഞെട്ടി, ഐപിഎൽ തുടങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്ത പയ്യന്റെ സിക്സർ കണ്ട് 


14-ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തികടത്തി ഇന്ത്യയുടെ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചതിന് പിന്നാലെ മുന്‍ ബംഗാൾ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി എക്‌സില്‍ കുറിച്ചതിങ്ങനെയാണ്. വെടിക്കെട്ടോടെ ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ വൈഭവാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ വാഴുന്ന ഐപിഎല്ലില്‍ ഒരു 14 കാരന് എന്ത് ചെയ്യാനാകുമെന്ന ചോദിച്ചവര്‍ക്കെല്ലാം ഈ ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് വൈഭവ് മറുപടി നല്‍കി. ലഖ്‌നൗവിനെതിരേ 20 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകമൊന്നടങ്കം വൈഭവിനായി കയ്യടിച്ചു.എന്തൊരു അരങ്ങേറ്റമാണിതെന്നാണ് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ എക്‌സില്‍ കുറിച്ചത്. ഒരു എട്ടാം ക്ലാസുകാരന്‍ ഐപിഎല്ലില്‍ കളിക്കുന്നത് കാണാന്‍ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദര്‍ പിച്ചൈ കുറിച്ചു. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ വീഡിയോയും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. വൈഭവിന്റെ പ്രായം വിഷയമല്ലെന്നും യാതൊരു സഭാകമ്പവും ഇല്ലാതെയാണ് ഇത്രയും വലിയ വേദിയില്‍ വൈഭവ് കളിച്ചതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ളെ കുറിച്ചു. ക്രിക്കറ്റ് ലോകത്തിലെ അടുത്ത താരോദയമാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.


Source link

Related Articles

Back to top button