പഹല്‍ഗാം ഭീകരാക്രമണം: 2 കശ്മീരി ഭീകരരേയും 3 പാകിസ്താന് ഭീകരരേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്കുനേരേ ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ രണ്ടുഭീകരര്‍ കശ്മീരികളാണെന്നും രണ്ടുപേര്‍ പാകിസ്താനിലെ പഷ്തൂണ്‍ വംശജരാണെന്നുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഭീകരരുടെ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചിരുന്നതായും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബിജ് ബഹേര സ്വദേശി ആദില്‍ ഗുരി, ത്രാല്‍ സ്വദേശി എഹ്സാന്‍ എന്നീ രണ്ട് പ്രാദേശികഭീകരര് സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ രണ്ടുപേരും 2018ല്‍ പാകിസ്താനിലേക്ക് പോയവരാണ്. പാകിസ്താനില്‍നിന്നുള്ള മൂന്നോ നാലോ ഭീകരരുമായി ഇവര്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാകാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
Source link