തൊണ്ണൂറ്റിയെട്ടിലും സാനുമാഷിന് സര്‍ഗാത്മകതയുടെ യുവത്വം; ആശംസകളർപ്പിച്ച് എം.എ ബേബി

കൊച്ചി: സര്‍ഗാത്മകതയുടെ യുവത്വം – 98 വയസ്സുകാരന് പ്രൊഫ. എം.കെ. സാനുവിനെ വിശേഷിപ്പിച്ച് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. എം.കെ. സാനു മറുപടി ചിരിയില്‍ ഒതുക്കി. എന്നിട്ട് കൈ നീട്ടി വീട്ടിലേക്ക് സ്വീകരിച്ചു. ഞായറാഴ്ച രാവിലെ എം.കെ. സാനുവിന്റെ കാരിക്കാമുറിയിലെ വീട് ‘സന്ധ്യ’യിലായിരുന്നു കൂടിക്കാഴ്ച.വീടിന്റെ വരാന്തയിലിരുന്ന് പുസ്തകങ്ങളെയും വായനയെയും കുറിച്ച് അവര്‍ സംസാരിച്ചു. പരന്ന വായനയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് എം.കെ. സാനു പറഞ്ഞു. അല്പനേരം കഴിഞ്ഞ് ചര്‍ച്ച വരാന്തയില്‍നിന്ന് എം.കെ. സാനുവിന്റെ എഴുത്തുമുറിയിലേക്കായി. വിഷയം സംഗീതവും ആരോഗ്യവും കടന്ന് രാഷ്ട്രീയത്തിലെത്തി. പാര്‍ട്ടി ചുമതലയേറ്റെടുത്തശേഷമുള്ള യാത്രകളും രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന യുവ സാന്നിധ്യവും ചര്‍ച്ചയായി. ചായ കുടിച്ചിട്ട് പിരിയാമെന്ന് എം.കെ. സാനു പറഞ്ഞപ്പോള്‍ മൃഷ്ടാന്ന വിജ്ഞാനഭോജനമല്ലേ തന്റെ മുന്പിലിരിക്കുന്നതെന്ന് എം.കെ. സാനുവിനോടുള്ള ആരാധന മറച്ചുവയ്ക്കാതെ എം.എ. ബേബി പറഞ്ഞു. തന്റെ ഫോണില്‍ എം.കെ. സാനുവിനോപ്പം ഫോട്ടോകള്‍ എടുക്കാനും എം.എ. ബേബി മറന്നില്ല. അടുത്ത വരവില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നാവശ്യപ്പെട്ടാണ് എം.കെ. സാനു എം.എ. ബേബിയെ യാത്രയാക്കിയത്.
Source link