INDIA

പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാൻ ഓഹരി വിപണി ഇടിഞ്ഞത് 4%, ഉലയാതെ ഇന്ത്യൻ ഓഹരികൾ


കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഓഹരി വിപണി നേരിട്ട ഇടിവ് 4 ശതമാനം. അതേസമയം, ഈ പശ്ചാത്തലത്തിലും ഉലയാതെ നേട്ടത്തിൽ പിടിച്ചുനിന്ന് ഇന്ത്യൻ ഓഹരി വിപണി. പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലെ കെഎസ്ഇ-100 സൂചികയാണ് ഏപ്രിൽ 22നു ശേഷം ഇതിനകം 4 ശതമാനം താഴേക്കുപോയത്. ഇക്കാലയളവിൽ ഇന്ത്യയുടെ സെൻസെക്സ് 1.5 ശതമാനം നേട്ടം കുറിച്ചു.ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള വാണിജ്യബന്ധം നിർത്തലാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇന്ത്യയുമായുള്ള സംഘർഷം പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനു നൽകുന്ന രക്ഷാപ്പാക്കേജ് പുനഃപരിശോധിക്കണമെന്ന് ഐഎംഎഫിനോടും എഡിബിയോടും മറ്റും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പുറമെ, പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്‍ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ‌ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ പ്രതിസന്ധികളിൽ ഉലയാതെ നേട്ടമാണ് ഇക്കാലയളവിൽ കുറിച്ചത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയോടുള്ള നിക്ഷേപക വിശ്വാസം, ശക്തമായ അടിത്തറ എന്നിവ നേട്ടത്തിന് സഹായകമായെന്നാണ് വിലയിരുത്തലുകൾ. 2001ലെ പാർലമെന്റ് ആക്രമണം ഒഴിച്ചാൽ പാക്കിസ്ഥാനുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ കാര്യമായ നഷ്ടം നേരിട്ടിട്ടില്ലെന്ന് ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കി. 


Source link

Related Articles

Back to top button