‘ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നത് പോലും മെസേജിലൂടെ; കൊലയ്ക്ക് കാരണം വീട്ടുകാരോടുള്ള വൈരാഗ്യം’

നന്തൻകോട് കൂട്ടക്കൊലയ്ക്ക് കാരണമായത് പ്രതിക്ക് വീട്ടുകാരോടുള്ള വൈരാഗ്യമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ. പ്രതിയെ അറസ്റ്റ് ചെയ്ത് ഏഴുദിവസം പ്രശ്നമില്ലായിരുന്നു. പിന്നീടാണ് സഹതടവുകാരനെ അക്രമിക്കുന്നതും ചികിത്സക്കായി പോകുന്നതും. ചികിത്സ നടന്ന സമയത്ത് ഡോക്ടർ നൽകിയ മൊഴിയിൽ പ്രതി തന്നെ കുറ്റം സമ്മതിച്ചതായി പറയുന്നുണ്ട്. പ്രതിക്ക് അച്ഛനോട് വിരോധമുള്ളതായാണ് ഡോക്ടറോട് പറഞ്ഞത്. അതുപോലെ ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ചാൽ വീട്ടിലുള്ളവർ തമ്മിൽ സംസാരിക്കുന്നത് പോലും കുറവാണെന്ന് മനസിലാകും. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നത് പോലും മെസേജിലൂടെയാണ്. കുടുംബാംഗങ്ങൾ തമ്മിൽ അടുപ്പമില്ലാത്ത സാഹചര്യം ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏക പ്രതി കേഡൽ ജീന്സണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞിരുന്നു. ശിക്ഷ വിധിക്കുന്നതിൽ വാദം ചൊവ്വാഴ്ചയാണ്. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ‘ആസ്ട്രൽ പ്രൊജക്ഷനാ’ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
Source link